
ചെന്നൈ: സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്ക് മുന്നറിയിപ്പുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍. നര്‍മദാ സമ്പത്ത് അസോസിയേറ്റ്‌സ് ആന്‍ഡ് അഡ്വക്കേറ്റ്‌സ് ആണ് എ.ആര്‍. റഹ്‌മാനുവേണ്ടി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളില്‍, അല്ലെങ്കില്‍ പരമാവധി 24 മണിക്കൂറിനുള്ളില്‍ വിദ്വേഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് എ.ആര്‍ റഹ്‌മാന്‍ ഭാര്യ സൈറാബാനുവുമായിട്ടുള്ള വിവാഹമോചന വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം റഹ്‌മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചു. ഇതോടെ റഹ്‌മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകളുയര്‍ന്നു. മോഹിനിയും റഹ്‌മാന്റെ മക്കളും ഈ അഭ്യൂഹങ്ങളെ വിമര്‍ശിക്കുകയും തള്ളിക്കളയുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയണ് തന്നെക്കുറിച്ച് അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയുമായി എ.ആര്‍ റഹ്‌മാന്‍ മുന്നോട്ടുവന്നത്. ചില സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ റഹ്‌മാന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് സാങ്കല്‍പ്പികവും അപകീര്‍ത്തികരവുമായ കഥകള്‍ എഴുതാനാരംഭിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു.
‘തന്റെ പ്രശസ്തിയെയും കുടുംബത്തേയും ബാധിക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയിലും അശ്ലീല ഉള്ളടക്കങ്ങള്‍ ആരോപിക്കുന്ന അഭിമുഖങ്ങളിലും സത്യത്തിന്റെ ഒരു കണികയുമില്ലെന്ന് അറിയിക്കാന്‍ റഹ്‌മാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത് എന്റെ കക്ഷിയുടെ പ്രശസ്തിക്ക് ഹാനി വരുത്താന്‍ ഉദ്ദേശിക്കുന്ന സോഷ്യല്‍ മീഡിയ വ്യക്തികള്‍ അവരുടെ പ്രൊഡക്ഷനുകള്‍ക്കായി പട്ടിണി കിടക്കുകയാണെന്നും, കുറഞ്ഞ കാലത്തെ പരസ്യത്തിനായി റഹ്‌മാനെ അപകീര്‍ത്തിപ്പെടുത്താന്‍ സാങ്കല്‍പ്പികവും വ്യാജവുമായ കഥകള്‍ കെട്ടിച്ചമയ്ക്കുകയുമാണ് എന്നുള്ളതാണ്. യൂട്യൂബ്, എക്സ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അടുത്ത ഒരു മണിക്കൂറിനുള്ളില്‍, അല്ലെങ്കില്‍ പരമാവധി 24 മണിക്കൂറിനുള്ളില്‍ വിദ്വേഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 356 പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും’ -വക്കീല്‍ നോട്ടീസില്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



