HIGHLIGHTS : Applications invited for equivalency courses
സംസ്ഥാന സാക്ഷരതാമിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഏഴാംതരം തുല്യത, പത്താംതരം തുല്യത, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകളിലേക്കും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി കോഴ്‌സുകളിലേക്കും അക്ഷരശ്രീ പദ്ധതി വഴി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍.സി പാസാകുന്നവരെ പോലെ ഉന്നതപഠനത്തിനും പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാംതരം തുല്യത/ സ്‌കൂള്‍ തലത്തിലെ ഏഴാം ക്ലാസ് പാസായ 2025 മാര്‍ച്ച് 1 ന് 17 വയസ് പൂര്‍ത്തിയായവര്‍ക്കും, 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുപരീക്ഷാ ബോര്‍ഡുമാണ്.
പത്താം ക്ലാസ് പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ്ടു/ പ്രീഡിഗ്രീ തോറ്റവര്‍ക്കും ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക്) അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് സമാനമായ വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന നാലുമാസം ദൈര്‍ഘ്യമുള്ള പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടു ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന രീതിയില്‍ പരിഷ്‌കരിച്ചാണ് പുതിയ കോഴ്‌സിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചത്. പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാന്‍സ്ഡ് കോഴ്‌സ് എന്നിങ്ങനെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള രണ്ട് കോഴ്‌സായി എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലാണ് പരിഷ്‌കരിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സു കഴിഞ്ഞ ആര്‍ക്കും മലയാളം പഠിക്കാന്‍ കഴിയുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്‌സ്, രണ്ടാം ഭാഗം അഡ്വാന്‍സ്ഡ് കോഴ്‌സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ നേടേണ്ട മലയാള ഭാഷാപഠനശേഷികള്‍ സ്വായത്തമാക്കാന്‍ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഒരു തുല്യതാകോഴ്സാണ്. സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മലയാളം അറിയാത്ത ജീവനക്കാര്‍ക്കും കോഴ്‌സ് സഹായകരമാകും. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിന്റെ ക്ലാസുകള്‍. അടിസ്ഥാനകോഴ്‌സില്‍ വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി.
ഏഴാം തരം തുല്യത കോഴ്‌സിലേക്കും അപേക്ഷിക്കാം. 4-ാം ക്ലാസ് വിജയിച്ചവരും, 5, 6, 7 ക്ലാസുകളില്‍ നിന്നു കൊഴിഞ്ഞ് പോയവരുമായ 15 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷരശ്രീ ഓഫീസുമായോ നഗരസഭയിലെ കൗണ്‍സിലര്‍മാരെയോ വിവിധ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന അക്ഷരശ്രീ വാര്‍ഡ് കോഓര്‍ഡിനേറ്റര്‍മാരെയോ സമീപിക്കാം. ഫോണ്‍: 8075047569.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു