പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം; ആഭരണങ്ങള്‍ വില്‍ക്കാന്‍ നിന്ന ഇടനിലക്കാരനും പിടിയില്‍

കോഴിക്കോട് : പേരാമ്പ്രയിലെ വാളൂരില്‍ അനുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി മുജീബ് റഹ്‌മാന്‍ അവരുടെ ആഭരണങ്ങള്‍ വില്‍ക്കാനായി അബൂബക്കറെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ആഭരണം വില്‍ക്കാന്‍ സമീപിച്ച ജ്വല്ലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാനെ (49) പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയാണ് പ്രതി മുജീബ് അന്നേ ദിവസം തന്നെ അനുവിനെ കൊലപ്പെടുത്തുന്നത്.

മാര്‍ച്ച് 11 തിങ്കളാഴ്ച പുലര്‍ച്ചെ മട്ടന്നൂരിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മതില്‍ പൊളിച്ച് മോഷണം നടത്തി സമീപത്തെ വീട്ടില്‍ നിന്ന് ഹെല്‍മറ്റും മോഷ്ടിച്ചാണ് പ്രതി പേരാമ്പ്ര ഭാഗത്ത് എത്തുന്നത്. അനു ഫോണില്‍ സംസാരിച്ച് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രതി ലിഫ്റ്റ് കൊടുക്കുകയായിരുന്നു. ഇടക്ക് ബൈക്ക് നിര്‍ത്തി തോട്ടിലേക്ക് തള്ളിയിട്ട് അനുവിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അനുവിന്റെ തല തോട്ടിലേക്ക് ചവിട്ടി താഴ്ത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. ബൈക്കിന്റെ ഉടമയെത്തേടി നടന്ന അന്വേഷണത്തെ ത്തുടര്‍ന്നാണ് പൊലീസ് പ്രതിയായ മുജീബിലേക്കെത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top