വലിച്ചെറിയല്‍ വിരുദ്ധവാരം ഇന്ന് തുടങ്ങും

HIGHLIGHTS : Anti-dumping week begins today

careertech

സംസ്ഥാനമൊട്ടാകെ ഏറ്റെടുത്ത മാലിന്യമുക്തം നവകേരളം പദ്ധതി പുതിയഘട്ടത്തിലേക്ക് കടക്കുകയാണെന്നും അതിന്റെ ഭാഗമായി വലിച്ചെറിയല്‍ വിരുദ്ധവാരം ജനുവരി 1 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശാസ്ത്രീയ മാലിന്യ സംസ്‌കരണം വലിയ തോതില്‍ പുരോഗമിക്കുമ്പോഴും വലിച്ചെറിയല്‍ ശീലം ഉപേക്ഷിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ഇതിനായി വിപുലമായ ബോധവത്കരണ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. സുസ്ഥിരമായ ശുചിത്വ പരിപാലനം ലക്ഷ്യമിട്ട് ക്യാമറാ നിരീക്ഷണം ശക്തമാക്കല്‍, മാലിന്യം നിക്ഷേപിക്കാന്‍ ബിന്നുകള്‍ വ്യാപകമായി സ്ഥാപിക്കല്‍, ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവ ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ച്ച് 30 ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ വലിച്ചെറിയല്‍ വിരുദ്ധക്യാമ്പയിന്‍ നിര്‍ണായക പങ്ക് വഹിക്കും. വലിച്ചെറിയല്‍ മുക്തമായ പൊതുവിടങ്ങള്‍ ജനകീയ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സൃഷ്ടിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാലിന്യമുക്തമാക്കുക, സ്ഥാപനങ്ങളെ വലിച്ചെറിയല്‍ മുക്തമാക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ കര്‍ശനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യാമ്പയിന്‍ മുന്നോട്ടുവെക്കുന്നത്. ജനുവരി 20 നുള്ളില്‍ എല്ലാ ജംഗ്ഷനുകളിലും ജനകീയ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

ഓഫീസുകള്‍ ജനുവരി 7 മുതല്‍ വലിച്ചെറിയല്‍ മുക്തമായി പ്രഖ്യാപിക്കാന്‍ കഴിയുന്ന നിലയിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പരിസര പ്രദേശം വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മാലിന്യ പ്രശ്നത്തിലെ നിയമലംഘകര്‍ക്കെതിരെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ നടപടികള്‍ ശക്തമാക്കും. ജാഥകള്‍, സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ പൊതു പരിപാടികളുടെ ഭാഗമായുള്ള കൊടിതോരണങ്ങള്‍, നോട്ടീസുകള്‍, വെള്ളക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകള്‍ സംഘാടകരെ മുന്‍കൂട്ടി അറിയിക്കും.

മാലിന്യമുക്തമായ ആയല്‍ക്കൂട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ കുടുംബശ്രീയുടെ ചുമതലയില്‍ നടത്തുന്നുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ച് ഗാര്‍ഹിക ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ എണ്ണം, നിലവിലെ സ്ഥിതി എന്നിവ മനസിലാക്കുന്നതിനായി ജനുവരി 6 മുതല്‍ 12 വരെ സര്‍വേയും ഭവന സന്ദര്‍ശനവും നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സര്‍വേ ജനുവരി 15 നകം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ നേട്ടങ്ങള്‍ സംസ്ഥാനം കൈവരിച്ചു. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാതില്പടി ശേഖരണം 47 ശതമാനത്തില്‍ നിന്ന് 87 ശതമാനമായി. യൂസര്‍ ഫീസ് കളക്ഷന്‍ 34.90 നിന്നും 72 ശതമാനമായി വര്‍ധിച്ചു. മിനി എം. സി. എഫ്-കളുടെ എണ്ണം 7446 നിന്നും19,447 എണ്ണമായി കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷ കാലയളവില്‍ ക്ളീന്‍ കേരള കമ്പനി 39,850 ടണ്‍ മാലിന്യം ശേഖരിച്ചു. ഹരിതമിത്രം ആപ്പ് സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം 11.24 ലക്ഷത്തില്‍ നിന്നും 85.66 ലക്ഷമായി വര്‍ധിച്ചു എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ക്കായി 49108 പരിശോധനകള്‍ നടന്നു. 5.15 കോടി രൂപ പിഴ ചുമത്തി. മാലിന്യക്കൂനകളില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇത്തരം 24 കേന്ദ്രങ്ങള്‍ പൂര്‍ണമായും വൃത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!