ലഹരിക്കെതിരെയുള്ള പോരാട്ടം കാലം ആവശ്യപ്പെടുന്ന പ്രവര്‍ത്തിയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നാടിനെ കാര്‍ന്നു തിന്നുന്ന ലഹരി പോലെയുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ യുവജനശക്തി ശരിയായ രീതിയില്‍ ഇടപെടണം. ബോധവത്ക്കരണം തന്നെയാണ് ലഹരിയെന്ന വിപത്തിനെ ചെറുക്കുവാനുള്ള പ്രധാന ആയുധം. സാമൂഹിക നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും യുവജന പങ്കാളിത്തം ആവശ്യമാണ്. അതിനായുള്ള ആലോചനകള്‍ സര്‍ക്കാര്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍പില്‍ അവസാനിച്ചു.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ് അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കെ എം സച്ചിന്‍ ദേവ് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി, ദേശീയ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ദീപു പ്രേംനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഗവാസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം.സുഗുണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, സംസ്ഥാന യുവജന കമ്മീഷന്‍ മെമ്പര്‍ എസ്.കെ. സജീഷ്, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ടി. കെ.സുമേഷ്, അവളിടം ജില്ലാ കോര്‍ഡിനേറ്റര്‍ കെ. എം. നിനു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ യുവജന സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ ക്ലബ് പ്രതിനിധികള്‍, കായിക അക്കാദമി, ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തിന്റെ ഭാഗമായി.



