HIGHLIGHTS : Ananthapuri gears up for Attukal Pongala
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനൊരുങ്ങി തലസ്ഥാനം. ഭക്തജനലക്ഷങ്ങള്‍ വ്യാഴാഴ്ച ആറ്റുകാല്‍ ഭഗവതിക്ക് പൊങ്കാല അര്‍പ്പിക്കും. രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. വ്യാഴാഴ്ച വൈകുന്നേരം എട്ടുമണിവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.
പൊങ്കാല ദിവസം 4500 പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ഷാഡോ, മഫ്തി പോലീസുകാരെയും വനിതാ പോലീസുകാരെയും വിന്യസിക്കും. കന്യാകുമാരിയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തും നിരീക്ഷണം നടത്താനായി നൂറോളം സിസിടിവി കാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ മേഖലകളിലും പോലീസ് സിസിടിവി കാമറകളിലൂടെ നിരീക്ഷണം നടത്തും. കൂടാതെ, നഗരത്തെ ആറ് പ്രത്യേക മേഖലകളായി തിരിച്ചു ഡ്രോണ്‍ നിരീക്ഷണവും നടത്തും.
പൊങ്കാല ദിവസം പ്രത്യേക പാസുള്ള പുരുഷന്മാര്‍ക്ക് മാത്രമാണ് ക്ഷേത്ര കോംപൗണ്ടിലേക്ക് പ്രവേശനാനുമതി. സ്ത്രീകളും കുട്ടികളും വിലപിടിപ്പുള്ള സാധനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. ആറ്റുകാല്‍ പൊങ്കാല ഇത്തവണയും പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിച്ച് നടത്താനുള്ള ഒരുക്കങ്ങള്‍ ശുചിത്വമിഷന്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം കോര്‍പറേഷനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമൊപ്പം ശുചിത്വ മിഷനും ഹരിത പൊങ്കാല സുഗമമായും സൗകര്യപ്രദമായും നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യുവി ജോസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു