പണിമുടക്ക് വിലക്കാന്‍ കോടതിക്ക് എന്തവകാശം? ‘കട തുറന്നാലും വാങ്ങാന്‍ ആളുവേണ്ടേ?’; വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ . സമിതി പലപ്പോഴും സമരവിരോധികളാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് കുറ്റപ്പെടുത്തി. ഇന്നും പണിമുടക്കുമെന്നാണ് ആനത്തലവട്ടത്തിന്റെ പ്രഖ്യാപനം. തുറന്ന കടകള്‍ നിര്‍ബന്ധമായി അടപ്പിക്കില്ലെന്നാണ് ആനത്തലവട്ടത്തിന്റെ പ്രഖ്യാപനം. പക്ഷേ കട തുറന്നാലും വാങ്ങാന്‍ ആളുവേണ്ടേ എന്നും അദ്ദേഹം ചോദിച്ചു.

പണിമുടക്ക് വിലക്കിയതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. പണിമുടക്ക് വിലക്കാന്‍ കോടതിക്ക് എന്തവകാശമാണുള്ളതെന്ന് ചോദിച്ചു. പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ട്. ഡയസ്നോണ്‍ സമരത്തെ ബാധിക്കില്ലെന്നും ആനുകൂല്യം നഷ്ടപ്പെടുമെന്ന് കരുതി പിന്മാറുന്നവരല്ല തൊഴിലാളികളെന്നും അദ്ദേഹം പറഞ്ഞു. ഡയസ്നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്ക്.

ഡയസ്നോണ്‍ പ്രഖ്യാപിച്ചതോടെ ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ജോലിക്ക് ഹാജരാകുന്നതിന് ജീവനക്കാര്‍ക്ക് മതിയായ യാത്രാ സൗകര്യം കെഎസ്ആര്‍ടിസിയും ജില്ലാ കളക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

പണിമുടക്കിന്റെ രണ്ടാം ദിനം സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ജോലിക്കു പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം അബ്ദുല്‍ സലാം, ജില്ലാ ജനറല്‍ സെക്രട്ടറി വി സുനില്‍ കുമാര്‍, ട്രഷറര്‍ എ വി എം കബീര്‍ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് അവര്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണിതെന്നും വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു. ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തക മുതലാളിമാര്‍ക്ക് അടിയറവ് വയ്ക്കില്ലെന്നും ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പിസി ജേക്കബ് അറിയിച്ചു.

കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്സ്, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷന്‍, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസ്സോസിയേഷന്‍, ബേക്കേഴ്സ് അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിനൊപ്പമാണ്.

 

Share news
error: Content is protected !!
Scroll to Top