
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ യുദ്ധമുഖത്ത് കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ സമയോചിതമായി നടപടികള്‍ കൈക്കൊള്ളാതെ, തിരിച്ചെത്തുമ്പോള്‍ പൂവു നല്‍കി സ്വീകരിക്കുന്നത് അര്‍ഥശൂന്യമാണെന്ന് ബിഹാറില്‍നിന്നുള്ള വിദ്യാര്‍ത്ഥിയായ ദിവ്യാംശു സിങ്ങ് പറഞ്ഞതായി എന്‍.ഡി.ടി.വി. റിപ്പോര്‍ഡ് ചെയ്തു.
യുക്രൈനില്‍ നിന്ന് ഹംഗറി അതിര്‍ത്തി കടന്ന് ബുഡാപെസ്റ്റില്‍നിന്ന് വിമാനം കയറിയാണ് ദിവ്യാംശു അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ന്യൂഡല്‍ഹിയില്‍ എത്തിയത്. ഇവരെ വിമാനത്താവളത്തില്‍ പനിനീര്‍ പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. ഇതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ദിവ്യാംശുവിന്റെ വിമര്‍ശനം.
അതിര്‍ത്തി കടന്ന് ഹംഗറിയില്‍ എത്തിയതിന് ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് എന്തെങ്കിലുമൊരു സഹായം ലഭിച്ചത്. അതിനുമുമ്പ് ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം സ്വന്തം നിലയ്ക്കാണ്. പത്തുപേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കി ട്രെയിന്‍ കയറുകയാണ് ചെയ്തത്. ദിവ്യാംശു മാധ്യമമായ എന്‍ഡിടിവിയോട് പ്രതികരിച്ചു.




