പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയില്‍ പാടശേഖരത്തിലേക്കുള്ള വൈദ്യുതലൈന്‍ അഴിഞ്ഞു വീണ് അപകടം. ഈ സമയം പാടത്ത് പണി ചെയ്തിരുന്ന കര്‍ഷക തൊഴിലാളികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12.30ന് കീഴ്ചിറ കല്‍പ്പുഴ പാടശേഖരത്തിലേക്കുള്ള വൈദ്യുത ലൈനാണ് അഴിഞ്ഞു വീണത്. പോസ്റ്റിന് മുകളിലുള്ള ക്രോസ് ബാറിലെ ഇന്‍സുലേറ്ററില്‍ ഘടിപ്പിച്ചിരുന്ന ഫേസ് ലൈനാണ് അഴിഞ്ഞു വീണത്.
പുഞ്ചകൃഷിയൊരുക്കത്തിനായി വരമ്പുകള്‍ ഇടുന്ന ജോലിയിലേര്‍പ്പെട്ട കര്‍ഷകരായ മരക്കാംതൊടി ചോയിക്കുട്ടി, കോന്തത്ത് ശ്രീധരന്‍, ചേങ്ങോട്ട് വിജയകൃഷ്ണന്‍ തുടങ്ങിയവരാണ് ആ സമയം പാടശേഖരത്തിലുണ്ടായിരുന്നത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉള്ളണം ഹരിജന്‍ കോളനി ട്രാന്‍സ്‌ഫോര്‍മര്‍ കെ എസ് ഇ ബി ജീവനക്കാര്‍ ഓഫാക്കി അടിയന്തിര അറ്റകുറ്റപ്പണി നടത്തി.
പാടശേഖരത്തിലേക്കുള്ള വൈദ്യത ലൈന്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് ഇന്‍സുലേറ്റര്‍ ഇളകി ഫേസ് ലൈന്‍ താഴെ വീണതെന്ന് നാട്ടുകാര്‍ആരോപിക്കുന്നു.




