‘സഖാവ്’ ഫെയിം ആര്യ ദയാലിന്റെ പുതിയ ഗാനത്തെ ഷെയര്‍ ചെയ്ത് ബിഗ് ബി

Big b Amithabh bachachan appreciate arya dayal

സഖാവ് എന്ന കവിത ആലപിച്ച് മലയാളികളുടെ മനംകവര്‍ന്ന ആര്യാ ദയാലിന് ഒരു ബിഗ് കോംപ്ലിമെന്റ്. മറ്റാരില്‍ നിന്നുമല്ല ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാബ് ബച്ചനാണ് ആര്യയുടെ പുതിയ പാട്ടിനെ കുറിച്ച് മനം നിറഞ്ഞ് അഭിനന്ദിച്ചിരിക്കുന്നത്.

കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും, പോപ്പ് ഗാനവും, കഥകളി പദവുമൊക്കയായി ആര്യ അവതരിപ്പിച്ച പുതിയ ഗാനമാണ് വൈറലായി അതിരുകള്‍ കടക്കുന്നത്. ഇപ്പോഴിതാ അമിതാബ് ബച്ചന്‍ ആര്യയുടെ ഈ പ്രകടനം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.

കോവിഡ് ബാധിതനായി മുംബൈയിലെ ആശുപത്രിയില്‍ കഴിയുന്ന ബച്ചന്‍ തന്റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

സംഗീത ആസ്വാദനത്തിലെ എന്റെ പങ്കാളിയും, പ്രിയ സുഹൃത്തുമായ ആള്‍ ആണ് എനിക്ക് ഈ വീഡിയോ അയച്ചുതന്നത്. ഇത് ആരാണെന്ന് എനിക്കറിയില്ല, പക്ഷെ ഒരു കാര്യം എനിക്ക് പറയാന്‍ കഴിയും പെണ്‍കുട്ടി നീ വളരെ പ്രത്യേക കഴിവുള്ളയാളാണ് .. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .. ഇത്തരം സൃഷ്ടികള്‍ തുടരുക .. മുമ്പെങ്ങുമില്ലാത്തവിധം നിങ്ങള്‍ ആശുപത്രിയില്‍ എന്റെ ദിവസങ്ങളെ മനോഹരമാക്കി. ‘കര്‍ണാടകസംഗീതവും വെസ്റ്റേണ്‍ പോപ്പും മിക്‌സ് ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല .. പക്ഷേ, ചടുലതയോടും എളുപ്പത്തോടെയും കൂടി അവര്‍ ഇത് ചെയ്തു .. ഒരു ശൈലിയിലും വിട്ടുവീഴ്ചയില്ല. ബച്ചന്‍ കുറിക്കുന്നു.

അമിതാബ് ബച്ചന്‍ തങ്ങളുടെ ഗാനം ഷെയര്‍ ചെയ്ത ദിവസത്തില്‍ ഏറെ ത്രില്ലിലാണ് ആര്യ. ഇങ്ങനെയൊരു കാര്യം സംഭവിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് ആര്യ തന്റെ ഫെയ്‌സബുക്ക് പേജില്‍ കുറിച്ചു.