ജിഷ വധക്കേസ്; അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെ

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തി കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമീറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍ങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

2017 ഡിസംബറില്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുല്‍ ഇസ്ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിരുന്നു, 1,500 പേജുള്ള കുറ്റപത്രം അനുസരിച്ച് ആയിരുന്നു വിചാരണ. ഒന്നര വര്‍ഷത്തില്‍ അധികം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ആയതിനാല്‍ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ആഴത്തില്‍ ഏറ്റ മുറിവുകള്‍ ആയിരുന്നു മരണ കാരണം. കൊല്ലപ്പെടും മുന്‍പ് യുവതി പ്രതിയുടെ കൈയ്യില്‍ കടിച്ചു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡിഎന്‍എ ഒരുപോലെയായി. അമീറുല്‍ ഇസ്ലാമിന്റെ രക്തം യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചു. അമീറുല്‍ ഇസ്ലാമിന്റെ ചെരുപ്പില്‍ നിന്നും യുവതിയുടെ ഡിഎന്‍എ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡിഎന്‍എ സാമ്പിള്‍ ലഭിച്ചു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് പ്രതിക്ക് പ്രൊസിക്യൂഷന്‍ വധശിക്ഷയെന്ന വിധി ഉറപ്പുവരുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

 

Share news
error: Content is protected !!
Scroll to Top