‘ബോഗയ്ന്‍വില്ല’ പോസ്റ്ററുമായി അമല്‍ നീരദ്

ഭീഷ്മപര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അമല്‍ നീരദ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ഗെറ്റപ്പാണ് പോസ്റ്ററില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഒപ്പം സിനിമ ഉടന്‍ തിയേറ്ററുകളിലെത്തും എന്ന ക്യാപ്ഷനും പോസ്റ്ററില്‍ കൊടുത്തിട്ടുണ്ട്.

അമല്‍ നീരദിന്റെ ആരാധകര്‍ പോസ്റ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഒരു അമല്‍ നീരദ് സംഭവം വരുന്നു’, ‘ആചാര വെടിക്ക് ഇതാ ബെസ്റ്റ്’, ‘ഒറ്റ പേര് അമല്‍ നീരദ്’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. ഒപ്പം മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച ബിലാല്‍ എന്ന സിനിമയുടെ അപ്‌ഡേറ്റ് ചോദിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

അതേസമയം ബോഗയ്ന്‍വില്ല ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം ഒക്ടോബര്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ ചാര്‍ട്ടിങ് ആരംഭിച്ചതായും റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ടീസറും ഉടന്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

അമല്‍ നീരദും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല. വീണാ നന്ദകുമാറാണ് മറ്റൊരു താരം. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദുമാണ് ചിത്രത്തിന്റെ തിരക്കഥ. ഭീഷ്മപര്‍വ്വം, വരത്തന്‍ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ് സി ചന്ദ്രനാണ് പുതിയ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top