കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം കുറിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ കേരളത്തില്‍ പ്രദര്‍ശനമാരംഭിച്ചു

കൊച്ചി: പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) ഇന്ന് മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചു. ഇതാദ്യമായാണ് ചിത്രം ഇന്ത്യയിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. ഈ വര്‍ഷം ആദ്യം നടന്ന 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം രചിച്ച ഈ ചിത്രം, അവിടെ ഗ്രാന്‍ഡ് പ്രിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരുന്നു.

റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ വരുന്ന ആഴ്ചയില്‍ റിലീസ് ചെയ്യുന്ന ചിത്രം, തുടര്‍ന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്രദര്‍ശിപ്പിക്കും. ‘പ്രഭയായ് നിനച്ചതെല്ലാം’ എന്നാണ് മലയാളത്തില്‍ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ മലയാളം-ഹിന്ദി ചിത്രം നഴ്‌സ് പ്രഭയുടെ കഥയാണ് പറയുന്നത്.

മുംബൈയില്‍ ജോലി ചെയ്ത് അവരുടെ ജീവിതാഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ കേരളത്തില്‍ നിന്ന് വരുന്ന രണ്ട് സ്ത്രീകളാണ് ചിത്രത്തിന്റെ ഹൃദയം എന്നും, അതിനാല്‍ ഈ ചിത്രം തീയേറ്റര്‍ പ്രദര്‍ശനം നടത്തുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കണം എന്നതാണ് ഏറ്റവും ഉചിതമായ കാര്യമെന്നും സംവിധായിക പായല്‍ കപാഡിയ പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ചിത്രം കാണാന്‍ കഴിയുമെന്നതില്‍ താന്‍ ആവേശഭരിതയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍, കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണിത്. ഈ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിതാ ചലച്ചിത്ര സംവിധായിക കൂടിയാണ് പായല്‍ കപാഡിയ. ആന്‍ഡ്രിയ ആര്‍നോള്‍ഡ്, ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള, ജിയാ ഷാങ്-കെ, പൌലോ സോറന്റിനോ, സീന്‍ ബേക്കര്‍, അലി അബ്ബാസി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം പാം ഡി ഓര്‍ അവാര്‍ഡിനായി മത്സരിച്ച 22 ചിത്രങ്ങളില്‍ ഒന്നാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍, സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയുള്‍പ്പെടെ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top