നോമ്പ് വ്രതാനുഷ്ഠാനത്തോടൊപ്പം ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ശ്രദ്ധ പുലര്‍ത്തണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

HIGHLIGHTS : Along with fasting, attention should be paid to health and hygiene: District Medical Officer

മലപ്പുറം:നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. വേനല്‍ക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും കാരണം നിര്‍ജലീകരണവും തുടര്‍ന്നുള്ള സങ്കീര്‍ണ്ണ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. വേനല്‍കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്.

രോഗപ്രതിരോധത്തിനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :-
1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
2. ഭക്ഷണപാനീയങ്ങളില്‍ ഈച്ച, കൊതുക് പോലെയുള്ള പ്രാണികള്‍ കടക്കാതെ അടച്ചു സൂക്ഷിക്കുക
3. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക.
4. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുന്‍പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
5. ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കാന്‍ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
6. പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ അംഗീകൃത രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍ മാത്രം ഉപയോഗിക്കുക.
7. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ നിര്‍ജലീകരണം തടയുന്നതിനായി നോമ്പില്ലാത്ത രാത്രി സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക.
8. പഴങ്ങളും, പച്ചക്കറികളും, ഇലവര്‍ഗ്ഗങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
9. ആരാധനാലയങ്ങളില്‍ അംഗശുദ്ധി വരുത്തുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.
10. നോമ്പ് തുറക്കുന്ന സമയങ്ങളില്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
11. വേനല്‍ക്കാലമായതിനാല്‍ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാര്‍ത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
12. നോമ്പ് തുറ പരിപാടികളില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുന്നവര്‍ മാത്രം ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുക.
13. ഭക്ഷണ വും പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിള്‍ പ്ലെയിറ്റ്/ഗ്ലാസ്സ് എന്നിവ ഉപയോഗിക്കാതിരിക്കുക. പരിസര ശുചിത്വം പാലിക്കുക.
14. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തി കൃത്യമായി മരുന്ന് കഴിക്കേണ്ടതാണ്.
15. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ തന്നെ ക്ഷീണം, തലകറക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടേണ്ടതുമാണ്.
16. അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വയം ചികിത്സയും ഒഴിവാക്കേണ്ടതാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!