റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ആലിയ ഭട്ടിന് ഗോൾഡൻ ഗ്ലോബ് ഹോറിസൺ അവാർഡ്

ജിദ്ദയിൽ നടന്ന അഞ്ചാമത് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന ഗാലാ ഡിന്നറിൽ ‘ഗോൾഡൻ ഗ്ലോബ് ഹോറിസൺ അവാർഡ്’ബോളിവുഡ് താരം ആലിയ ഭട്ട് ഏറ്റുവാങ്ങി. ഇൻ്റർനാഷനൽ സിനിമാ മേഖലയിൽ മികച്ച സംഭാവനകൾ നൽകുകയും അതിവേഗം വളർച്ച കൈവരിക്കുകയും ചെയ്യുന്ന താരങ്ങളെ ആദരിക്കുന്നതിനായി ഗോൾഡൻ ഗ്ലോബ് ഏർപ്പെടുത്തിയ പുതിയ പുരസ്കാരമാണ് ‘ഹോറിസൺ അവാർഡ്’. മിഡിൽ ഈസ്റ്റ്, ഏഷ്യ, നോർത്ത് ആഫ്രിക്കൻ മേഖലകളിലെ കലാകാരന്മാരുടെ നേട്ടങ്ങളെയാണ് ഈ പുരസ്കാരങ്ങൾ പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത്.

‘അന്താരാഷ്ട്ര സിനിമാ മേഖലയിൽ ആലിയ ഭട്ടിന്റെ അസാധാരണമായ സംഭാവനകളെയും, ആഗോളതലത്തിൽ ചലച്ചിത്രങ്ങളുടെ ചലനാത്മകവും സ്വാധീനമുള്ളതുമായ കേന്ദ്രമായി മിഡിൽ ഈസ്റ്റ് തുടർച്ചയായി ഉയരുന്നതിനെയും ഞങ്ങൾ ആഘോഷിക്കുന്നുവെന്ന് പുരസ്കാര ചടങ്ങിൽ ഗോൾഡൻ ഗ്ലോബ് പ്രസിഡൻ്റ് ഹെലൻ ഹോഹ്‌നെ വ്യക്തമാക്കി. അതേസമയം ഗോൾഡൻ ഗ്ലോബ്സ് ആഗോള അവാർഡ് ലോകത്തിലെ ഒരു ഐക്കൺ ആണെന്നും അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും അവാർഡ് ഏറ്റുവാങ്ങിയ ശേഷം ആലിയഭട്ട് വ്യക്തമാക്കി.

ആലിയ ഭട്ടിനൊപ്പം തുനീഷ്യൻ നടിയായ ഹെൻഡ് സബ്രിക്ക് ‘ഒമർ ഷരീഫ് അവാർഡും’ നൽകി ആദരിച്ചു. അറബ് സിനിമക്ക് നൽകിയ സംഭാവനകളെ മാനിച്ച് നൽകുന്ന ഈ പുരസ്കാരം, മൂന്ന് തവണ ഗോൾഡൻ ഗ്ലോബ് നേടിയ ഈജിപ്ഷ്യൻ നടൻ ഒമർ ഷരീഫിൻ്റെ ഓർമക്കായി രേപ്പെടുത്തിയതാണ്. ബോളിവുഡ് നടൻ സൽമാൻ ഖാൻ, ഇദ്രിസ് എൽബ, സിഗോർണി വീവർ, റിസ് അഹമ്മദ്, നവോമി ഹാരിസ്, ഡാരൻ അരനോഫ്സ്കി തുടങ്ങി നിരവധി അന്താരാഷ്ട്ര താരങ്ങളും ചലച്ചിത്രപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top