Section

malabari-logo-mobile

അല്‍ ജസീറ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ഒബാമയുടെ ആവശ്യത്തെ സ്വാഗതം ചെയ്തു

HIGHLIGHTS : ദോഹ: ഈജിപ്ത് തടവിലാക്കിയ അല്‍ ജസീറ പ്രവര്‍ത്തകരെ സ്വതന്ത്രരാക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നിര്‍ദ്ദേശത്തെ അല്‍ ജസീറ ഇംഗ്ലീഷ് മാന...

imagesദോഹ: ഈജിപ്ത് തടവിലാക്കിയ അല്‍ ജസീറ പ്രവര്‍ത്തകരെ സ്വതന്ത്രരാക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നിര്‍ദ്ദേശത്തെ അല്‍ ജസീറ ഇംഗ്ലീഷ് മാനേജിംഗ് ഡയറക്ടര്‍ അല്‍ ആന്‍സ്റ്റി സ്വാഗതം ചെയ്തു. വാഷിംഗ്ടണ്‍ ഡി സിയില്‍ നടന്ന അമേരിക്ക- ആഫ്രിക്ക ഉച്ചകോടിയുടെ അവസാന ദിവസം സംസാരിക്കവെയാണ് ബറാക്ക ഒബാമ അല്‍ ജസീറ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടത്.
കഴിഞ്ഞ 222 ദിവസങ്ങളായി ഈജിപ്തിന്റെ തടവിലുള്ള അല്‍ ജസീറ ഇംഗ്ലീഷ് പ്രവര്‍ത്തകരെ സ്വതന്ത്രരാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ആവശ്യം അവരെ പെട്ടെന്ന് പുറത്തിറക്കുമെന്ന പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈജിപ്തില്‍ തടവിലാക്കിയ അല്‍ ജസീറ ഇംഗ്ലീഷ് ജേര്‍ണലിസ്റ്റുകളെ പുറത്തുവിടണമെന്നാണ് ബറാക്ക് ഒബാമ ആവശ്യപ്പെട്ടത്. ജൂണ്‍ 23ന് ഏഴ് വര്‍ഷത്തേക്കാണ് അല്‍ ജസീറ പ്രവര്‍ത്തകരെ ഈജിപ്ഷ്യന്‍ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
സമൂഹത്തിന്റെ സാംസ്‌ക്കാരികതയുടെ അടയാളമായാണ് പത്രപ്രവര്‍ത്തരെ വിട്ടയക്കുന്നത് കണക്കാക്കുകയെന്നും ഒബാമ വ്യക്തമാക്കിയിരുന്നു. ഈജിപ്തില്‍ തടവിലുള്ള അല്‍ ജസീറ പ്രവര്‍ത്തകര്‍ സ്വതന്ത്രരാകണമെന്നതാണ് അമേരിക്കയുടേയും തന്റേയും പൊതുവും വ്യക്തിപരവുമായ അഭിപ്രായമെന്ന് ഒബാമ പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അതിനെ ബഹുമാനിക്കണമെന്നും  തങ്ങള്‍ ലോകത്തോട് മുഴുവനായും ആവശ്യപ്പെടുകയാണ്. സംസ്‌ക്കാര സമ്പന്നമായ ഒരു സമൂഹത്തിന്റേയും ആധുനിക ജനാധിപത്യത്തിന്റേയും വ്യവസ്ഥിതിയുടെ നിലനില്‍പ്പിന് ആവശ്യമാണിത്- ഒബാമ ചൂണ്ടിക്കാട്ടി.
പീറ്റര്‍, മുഹമ്മദ്, ബഹര്‍ എന്നിവരാണ് ഈജിപ്തിന്റെ തടവില്‍ കഴിയുന്നത്. പത്രപ്രവര്‍ത്തകരുടെ തടവുശിക്ഷ തുടരുന്നത് അന്യായവും മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതും കാര്യങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യത്തെ എതിര്‍ക്കലുമാണെന്നും അല്‍ ആന്‍സ്റ്റി പറഞ്ഞു. ഇത്തരത്തിലൊരു ശിക്ഷ വിധിക്കാനുള്ള തെളിവുകള്‍ പോലും വിചാരണ സമയത്ത് ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ശിക്ഷ അനീതിയാണെന്നും അല്‍ ആന്‍സ്റ്റി ചൂണ്ടിക്കാട്ടി.
തടവിലിട്ട അല്‍ ജസീറ പ്രവര്‍ത്തകരെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. വൈറ്റ് ഹൗസ്, ബ്രിട്ടീഷ് ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫിസ്, യൂറോപ്യന്‍ യൂണിയന്‍, ആസ്‌ത്രേലിയന്‍ ഗവണ്‍മെന്റ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ് ആന്റ് ദി ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി 150ലേറെ പ്രമുഖ ഗ്രൂപ്പുകളാണ് പത്രപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടത്.
ജേര്‍ണലിസ്റ്റുകളെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് ആസ്‌ത്രേലിയന്‍ പത്രപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ട ഭീമ ഹരജി ഉള്‍പ്പെടെ രണ്ടു ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ട ഹരജികള്‍ ഈജിപ്ഷ്യന്‍ വൈസ് കൗണ്‍സലിന് സമര്‍പ്പിച്ചിരുന്നു. ബി ബി സി, സി എന്‍ എന്‍, ഐ ടി എന്‍, ചാനല്‍ 4, ഫെയര്‍ഫാക്‌സ് ആസ്‌ത്രേലിയ, ടൊറൊന്റോ സ്റ്റാര്‍, വി ആര്‍ ടി ഡെറിഡാക്ടി, ഇറാനിലെ ഷര്‍ഗ് ദിനപത്രം എന്നിവയുള്‍പ്പെടെ ലോകത്തിലെ മികച്ച 40 പത്രപ്രവര്‍ത്തകര്‍ ഒപ്പിട്ട കത്തിലൂടേയും ജേര്‍ണലിസ്റ്റുകളുടെ മോചനം ആവശ്യപ്പെട്ടിരുന്നു.
ലാറി കിംഗ്, ക്രിസ്റ്റൈന്‍ അമാന്‍പോര്‍, ജോണ്‍ സ്‌നോ, പിയേഴ്‌സ് മോര്‍ഗന്‍, സ്റ്റീഫന്‍ ഫ്രൈ, ബെന്‍ വെദ്മാന്‍, ബ്രയന്‍ സ്റ്റെല്‍ട്ടര്‍, അലക്‌സ് തോംപ്‌സണ്‍, നയോമി ക്ലെയിന്‍, റെസ അസ്‌ലന്‍, മിയ ഫാറോ, ബിയാന്‍ക ജാഗര്‍, ജൂലിയ പിറെസ്, റസ്സല്‍ സിമ്മന്‍സ് തുടങ്ങി ലോകപ്രശസ്തരായ വ്യക്തികളും മാധ്യമ പ്രവര്‍ത്തകരും അല്‍ ജസീറ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയ കാംപയിനുകളിലൂടെ ഒന്നര ലക്ഷത്തോളം പേര്‍ ട്വിറ്ററിലും ഇതേ  ആവശ്യം ഉന്നയിച്ചിരുന്നു. സോഷ്യല്‍ മീഡിയാ കാംപയിനിലൂടെ 112 മില്ല്യന്‍ ജനങ്ങളിലേക്ക് ഇതിന്റെ സന്ദേശം എത്തുകയും ചെയ്തിട്ടുണ്ട്.
യു എസ് ആക്ഷേപഹാസ്യ പരിപാടിയായ ദി ഡെയ്‌ലി ഷോ എന്ന രാഷ്ട്രീയ കോമഡി ഷോയിലും അല്‍ ജസീറ പ്രവര്‍ത്തകരുടെ സംഭവം പരാമര്‍ശിക്കപ്പെട്ടിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!