‘അക്ഷരക്കൂട്ട്’ കുട്ടികളുടെ സാഹിത്യോത്സവം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി വി. ശിവന്‍കുട്ടി

‘അക്ഷരക്കൂട്ട്’ എന്ന പേരില്‍ കുട്ടികളുടെ സാഹിത്യോത്സവം സെപ്റ്റംബര്‍ 18, 19 തീയതികളില്‍ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ രചിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനമാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എഡിറ്റ് ചെയ്ത് ‘കുരുന്നെഴുത്തുകള്‍’ എന്ന പേരില്‍ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഈ അനുഭവത്തില്‍ നിന്നുള്ള പ്രചോദനമാണ് കുട്ടികളുടെ സംസ്ഥാനതല പുസ്തകോത്സവം എന്ന ആശയത്തിന് പിന്നിലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്‌നോളജിയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയം, ജവഹര്‍ ബാലഭവന്‍, മണ്‍വിള എ.സി.എസ്.റ്റി.ഐ എന്നിവിടങ്ങളാണ് സാഹിത്യോത്സവത്തിന് വേദിയാകുന്നത്. സാഹിത്യരചനയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക് ദിശാബോധം നല്‍കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. വിവിധ ക്ലാസുകളിലെ 137 വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഒന്നിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള കുട്ടികള്‍ ഉണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടി എഴുത്തുകാര്‍ക്കായി വിവിധ വിഷയങ്ങളില്‍ ശില്‍പശാലകളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. പ്രമുഖ എഴുത്തുകാരുമായി സംവദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടത്താനും കലാപരിപാടികള്‍ അവതരിപ്പിക്കാനും പ്രത്യേക വേദി ഒരുക്കും. കുട്ടി എഴുത്തുകാര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. രണ്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള 140 ഓളം വിദ്യാര്‍ത്ഥികള്‍ സാഹിത്യോത്സവത്തില്‍ മുഴുവന്‍ സമയ പങ്കാളികളാകും. മണ്‍വിളയിലുള്ള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കുട്ടികളുടെ താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എഴുത്തുകാരായ വിദ്യാര്‍ത്ഥികളെ കൂടാതെ, സാഹിത്യത്തില്‍ താല്പര്യമുള്ള മറ്റ് കുട്ടികള്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പരിപാടികളില്‍ പങ്കെടുക്കാം. ഇതിനായി അക്ഷരക്കൂട്ട് ഡോട്ട് ഐഎന്‍ എന്ന പേരില്‍ ഒരു പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കുന്നുണ്ട്. സെപ്റ്റംബര്‍ 18ന് കനകക്കുന്നില്‍ വെച്ച് നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം. ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. കുട്ടികളുടെ പുസ്തകങ്ങള്‍ അധ്യാപകര്‍ വായിച്ച് വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തിയശേഷം, വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് മെന്റര്‍ ടീച്ചര്‍മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും എന്നതാണ് അക്ഷരകൂട്ട് സാഹിത്യോത്സവത്തിന്റെ പ്രത്യേകത.

ഈ പുസ്തകങ്ങളുടെ വിശകലനം പിന്നീട് പൊതുവേദിയില്‍ എഴുത്തുകാരായ അധ്യാപകര്‍ അവതരിപ്പിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ പ്രദര്‍ശനം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ക്കും, അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഇത് കാണാനുള്ള അവസരം ഉണ്ടാകും. എല്ലാ നിയമസഭാ സാമാജികരെയും പ്രദര്‍ശനം കാണാന്‍ ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top