Section

malabari-logo-mobile

ആറ് പതിറ്റാണ്ടിനുശേഷം എയര്‍ ഇന്ത്യ ടാറ്റയുടെ കൈകളിലേക്ക്; വില്‍പ്പന 18,000 കോടിക്ക്‌

HIGHLIGHTS : Six decades later, Air India falls into the hands of Tata; Sales for Rs 18,000 crore

ന്യൂഡല്‍ഹി: നഷ്ടത്തിലായ എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് വിറ്റു. 18,000 കോടി രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും 100 ശതമാനം ഓഹരിയും ഇവയുടെ ഗ്രൗണ്ട്-ഹാന്‍ഡ്ലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ഉള്‍പ്പെടെയാണ് വില്‍പ്പന നടത്തിയിരിക്കുന്നത്.

2021 ഓഗസ്റ്റ് 31 വരെ എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത 61,562 കോടി രൂപയാണ്. അതില്‍ 15,300 കോടി കടം ടാറ്റാ സണ്‍സ് ഏറ്റെടുക്കും. 46,262 കോടി രൂപ സര്‍ക്കാര്‍ രൂപീകരിച്ച എസ്പിവിയായ എയര്‍ ഇന്ത്യ അസറ്റ്സ് ഹോള്‍ഡിംഗ് ലിമിറ്റഡിന് കൈമാറുമെന്നും ടാറ്റാ സണ്‍സ് അറിയിച്ചു. 2022 സാമ്പത്തിക വര്‍ഷത്തിലായിരിക്കും കൈമാറ്റ നടപടി പൂര്‍ത്തിയാക്കുക. ഇതോടെ 68 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ തിരിച്ചെത്തുകയാണ്.

sameeksha-malabarinews

ഈ മാസം ഒന്നിന് നടന്ന എയര്‍ ഇന്ത്യയ്ക്ക് ആയുള്ള ടെന്‍ഡറില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റയാണെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി കൈമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്ത് ഉടന്‍ തന്നെ കൈമാറ്റം പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ് തുകയേക്കാള്‍ 3000 കോടി അധികമാണ് ടാറ്റ സമര്‍പ്പിച്ച ലേലത്തുകയെന്നായിരുന്നു വിവരം. ടാറ്റക്ക് ഒപ്പം ലേലത്തില്‍ രംഗത്തുണ്ടായിരുന്ന സ്പൈസ് ജെറ്റ് സ്ഥാപകന്‍ അജയ് സിംഗിന്റെ ലേല തുകയേക്കാള്‍ 5000 കോടി അധികമാണ് എയര്‍ ഇന്ത്യയ്ക്കായി ടാറ്റാ സണ്‍സ് മുന്നോട്ടുവെച്ചതെന്നും സൂചനയുണ്ട്. 15,000 കോടിക്കും 20,000 കോടിക്കും ഇടയിലായിരുന്നു റിസര്‍വ് തുകയെന്നാണ് സൂചന.

932-ല്‍ ജെ.ആര്‍.ഡി. ടാറ്റ സ്ഥാപകനായ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് സ്വാതന്ത്രാനന്തരം 1946-ലാണ് എയര്‍ ഇന്ത്യയായത്. 1948-ല്‍ 49 ശതമാനം ഓഹരി സര്‍ക്കാര്‍ ഏറ്റെടുത്തു. 1953-ല്‍ സര്‍ക്കാര്‍ ഭൂരിഭാഗം ഓഹരിയും ഏറ്റെടുത്തെങ്കിലും 1977 വരെ ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍.

2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 62,000 കോടിയോളം രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിദിനം 20 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാരിനുണ്ടാകുന്ന നഷ്ടമെന്നും മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിറ്റഴിക്കല്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!