എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം; ഹൈക്കോടതിവിധിക്ക് സ്റ്റേ

ന്യൂഡൽഹി : എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകർ തദ്ദേശ, നിയമസഭ, പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.അധ്യാപകർക്ക്‌ പത്രിക സമർപ്പിക്കാമെന്ന് ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാനസർക്കാരിന് ഉൾപ്പെടെ നോട്ടീസ്‌ അയക്കാനും നിർദേശിച്ചു. എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകരുടെ ഹർജിയിലാണ്‌ നിർണായക ഇടപെടൽ.

സർക്കാർ ശമ്പളം നൽകുന്നുവെന്നതിനാല്‍ എയ്‌ഡഡ്‌ അധ്യാപകജോലി ‘ഓഫീസ്‌ ഓഫ്‌ പ്രോഫിറ്റ്‌’ നിർവചനത്തിൽ ഉൾപ്പെടില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

അധ്യാപകർ മത്സരിക്കുന്നത് കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ ഒരുരീതിയിലും ബാധിക്കില്ലെന്നും വിശദീകരിച്ചു. കേരളത്തിൽ പത്രിക നല്‍കാനുള്ള സമയം വെള്ളിയാഴ്‌ച അവസാനിക്കുകയാണെന്നും ഹൈക്കോടതി വിധി കാരണം നിരവധി പേർക്ക്‌ മത്സരിക്കാനാകില്ലെന്നും മുതിർന്ന അഭിഭാഷകൻ വി ഗിരി ചൂണ്ടിക്കാട്ടി. തുടർന്നാണ്‌‌ ഫെബ്രുവരിയിലെ വിധി സ്‌റ്റേ ചെയ്യാനും അധ്യാപകർക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടത്‌.

Share news
error: Content is protected !!
Scroll to Top