അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ നിലവില്‍ 265 മരണമാണ് സ്ഥിരീകരിച്ചത്. 24 പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായി. അറുപതിലേറെ പേരാണ് ചികിത്സയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദില്‍ എത്തും. സിവില്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ കാണും. ദുരന്തത്തില്‍ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ ഇന്ന് തുടങ്ങും.
വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു.
241 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാന അപകടത്തില്‍ നിന്ന് ഒരു യാത്രക്കാരന്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. 40 വയസുകാരനായ വിശ്വാസ് കുമാര്‍ രമേശ് എന്നയാളാണ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. സഹോദരന്‍ അജയ് കുമാര്‍ രമേശും വിശ്വാസിനൊപ്പം ഈ വിമാനത്തിലുണ്ടായിരുന്നു. വിശ്വാസ് ബ്രിട്ടീഷ് പൗരനാണ്. വിശ്വാസിന്റെ പരുക്കുകള്‍ സാരമല്ലെന്നാണ് വിവരം. 11 A സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്. വിശ്വാസിന്റെ നെഞ്ചിലും കണ്ണിലും കാല്‍പാദത്തിലുമാണ് പരുക്കേറ്റത്. സഹോദരനൊപ്പം ലണ്ടനില്‍ നിന്ന് നാട്ടിലേക്ക് വന്നശേഷം മടങ്ങുകയായിരുന്നു വിശ്വാസ്. 20 വര്‍ഷത്തോളമായി വിശ്വാസ് ലണ്ടനിലാണ് താമസിച്ചുവരുന്നത്. വിശ്വാസിന്റെ ഭാര്യയും മക്കളും ലണ്ടനിലാണുള്ളത്.
ഇരുനൂറിലേറെ പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിന്‍ഭാഗം കത്താതിരുന്നതിനാലാണ് വേഗത്തില്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് കരുതുന്നത്. മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളും ഇന്ന് തുടങ്ങും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



