HIGHLIGHTS : കോട്ടക്കല്‍: ആയുര്‍വേദ മണ്ണില്‍ കാര്‍ഷികസംസ്‌കാരത്തിന്റെ പ്രൗഡി നിലനിര്‍ത്താനുള്ള തയ്യാറെടുപ്പുകളുമായി കോട്ടക്കല്‍ നഗരസഭ. നടീല്‍ രീതിയിലുള്ള കൃഷിയി...
കോട്ടക്കല്‍: ആയുര്‍വേദ മണ്ണില്‍ കാര്‍ഷികസംസ്‌കാരത്തിന്റെ പ്രൗഡി നിലനിര്‍ത്താനുള്ള തയ്യാറെടുപ്പുകളുമായി കോട്ടക്കല്‍ നഗരസഭ. നടീല്‍ രീതിയിലുള്ള കൃഷിയിലേക്ക് തിരികെ കൊണ്ടുവന്ന് നഗരസഭപരിധിയിലെ നെല്‍കര്‍ഷകരെ പഴയ തനിമയോടെ നിലനിര്‍ത്തുവാനുള്ള അധികൃതരുടെ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ തുടക്കമെന്നോണം നഗരസഭയിലെ ആകെയുള്ള 7 പാടശേഖര സമിതികളുടെ യോഗം കോട്ടക്കല്‍ കൗണ്‍സില്‍ ഹാളില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തു.
2010 ല്‍ കോട്ടക്കല്‍ നഗരസഭയായി പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് കോട്ടക്കല്‍ പരിധിയില്‍ പാടശേഖര സമിതികളെ വിളിച്ചുചേര്‍ത്തത്. നഗരസഭയിലെ പാടശേഖര സമിതികളായ കാവതിക്കളം, ഇന്ത്യനൂര്‍, മരവട്ടം, ഈസ്റ്റ് വില്ലൂര്‍,വെസ്റ്റ് വില്ലൂര്‍,പണിക്കര്‍കുണ്ട്,കുറ്റിപ്പുറം എന്നിവിടങ്ങളിലെ ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ 100 ഹെക്ടര്‍ നെല്‍കൃഷി നടക്കുന്ന കോട്ടക്കല്‍ നഗരസഭ പരിധിയില്‍ നടീല്‍ രീതിയിലുള്ള നെല്‍കൃഷി നടക്കുന്നത് വെറും 35 ഹെക്ടറില്‍ മാത്രമാണ്. ശേഷിക്കുന്ന 65 ഹെക്ടറിലും കൂട്ടുമുണ്ടകന്‍ എന്ന രീതിയില്‍ വിതക്കുകയാണ് ചെയ്യുന്നത്.
ഓരോ വര്‍ഷങ്ങള്‍ പിന്നിടുന്തോറും നഗരസഭ പരിധിയിലെ കര്‍ഷകര്‍ നടീല്‍ രീതി കൈവിടുന്ന പ്രവണത വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ വികസന കാര്യ സ്ഥിരംസമിതിയധ്യക്ഷന്‍ പരവക്കല്‍ ഉസ്‌മാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ത്തത്. പ്രഥമ കോട്ടക്കല്‍ നഗരസഭയില്‍ സ്ഥിരംസമിതിയധ്യക്ഷനായിരുന്ന സമയത്ത് കോട്ടക്കല്‍ നഗരസഭ പരിധിയില്‍ പാടങ്ങള്‍ വ്യാപകമായി മണ്ണിട്ടുതൂര്‍ക്കുന്നതിനെതിരെ ഉസ്‌മാന്‍കുട്ടി പ്രമേയം കൊണ്ടുവന്നിരുന്നു. പാടശേഖരസമിതി പുനരുജ്ജീവിപ്പിക്കുക, ഉപയോഗ ശൂന്യമായ ചിറകള്‍,ബണ്ടുകള്‍ നന്നാക്കുക, ജൈവ കൃഷിയെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിനാവശ്യമായ എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും നഗരസഭ ഒരുക്കിനല്‍കുമെന്നും 2016-17 വര്‍ഷത്തില്‍ കോട്ടക്കലിനെ തരിശുരഹിത നഗരസഭയാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും പി ഉസ്‌മാന്‍ കുട്ടി അറിയിച്ചു.