HIGHLIGHTS : Agricultural awareness program organized; pepper and turmeric planting materials distributed to 200 people
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കായി കാര്‍ഷിക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ഗവാസ് അധ്യക്ഷത വഹിച്ചു.
കുരുമുളക്, മഞ്ഞള്‍ എന്നിവയുടെ മികച്ച കൃഷി രീതികള്‍ എന്ന വിഷയത്തിലാണ് ബോധവത്കരണ ക്ലാസ്സുകള്‍ നടത്തിയത്. ക്ലാസ്സുകള്‍ക്ക് ഭാരതീയ സുഗന്ധ വിള ഗവേഷണ സ്ഥാപനത്തിലെ ഗവേഷകന്‍ ഡോ. സജേഷ്, ഡോ. ബിജു, ഡോ. ബിജു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
പട്ടികവിഭാഗത്തിലെ വ്യക്തികളില്‍ നിന്ന് തെരഞ്ഞെടുത്ത 200 പേര്‍ക്കാണ് 10 കുരുമുളക് തൈകളും പച്ചക്കറി വിത്തുകളും രണ്ട് കിലോ വരുന്ന മഞ്ഞള്‍ കിറ്റുകളും വളങ്ങളും വിതരണം ചെയ്യുന്നത്.
കാര്‍ഷിക രംഗത്ത് താത്പര്യമുള്ളവര്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന പദ്ധതികളാണ് വിവിധ സ്ഥാപനങ്ങളോട് സഹകരിച്ച് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പുതിയ കാര്‍ഷിക സംസ്‌കൃതി പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദന വര്‍ദ്ധനവിനും ശേഷി വികസനത്തിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ചു വരുന്ന പി എസ് സി പരിശീലനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 3300 ഓളം രൂപ വരുന്ന റാങ്ക് ഫയല്‍, മുന്‍ ചോദ്യപേപ്പറുകള്‍ ഉള്‍പ്പെടെയുള്ള 10 പുസ്തകങ്ങളും നോട്ട് ബുക്കുകളും പേനയുമുള്‍പ്പെടുന്ന കിറ്റുകളുടെ വിതരണവും ചടങ്ങില്‍ നിര്‍വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിഷ പുത്തന്‍പുരയില്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ കെ വി റീന, പട്ടികജാതി വികസന ഓഫീസര്‍ ഷാജി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രവികുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് അംഗം സി എന്‍ ബാബു നന്ദിയും പറഞ്ഞു.