Section

malabari-logo-mobile

അഗ്‌നിപഥ് പ്രതിഷേധം; സേനകളില്‍ അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം, പ്രായപരിധി ഇളവ്; കേന്ദ്ര ഇടപെടല്‍

HIGHLIGHTS : Agneepath protest; Ten per cent reservation for firefighters in the army, age limit exemption; Central intervention

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൈന്യത്തിലേക്ക് കരാര്‍ നിയമനം നടത്താനുള്ള ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ഇടപെടല്‍. അഗ്‌നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പത്തു ശതമാനം ഒഴിവുകള്‍ അഗ്‌നിവീറുകള്‍ക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. കേന്ദ്ര സായുധ പോലീസ്, അസം റൈഫിള്‍സ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കാണ് സംവരണം ലഭിക്കുക. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്‌നീവീറുകള്‍ അപേക്ഷിക്കുമ്പോള്‍ മൂന്ന് വര്‍ഷത്തെ പ്രായപരിധി ഇളവും ലഭിക്കും. ഇതോടൊപ്പം ഈ വര്‍ഷം അഗ്‌നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് 5 വയസ്സിന്റെ ഇളവും ലഭിക്കും.

ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്‌നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്‌മെന്റുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികള്‍ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികള്‍ ആരംഭിക്കും.

sameeksha-malabarinews

അതേ സമയം, പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞദിവസം ഉത്തരേന്ത്യയില്‍ മാത്രം ഉയര്‍ന്ന പ്രതിഷേധം വെള്ളിയാഴ്ച ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിരുന്നു. പത്തുസംസ്ഥാനങ്ങളില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. ബീഹാറില്‍ ഇതുവരെ 507 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായി. ഏഴുപതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിഹാറിലെ ലഖിസാരായില്‍ പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്‍ മരിച്ചു. പുക ശ്വസിച്ച് കുഴഞ്ഞു വീണ ഇയാള്‍ ചികിത്സയിലായിരുന്നു. വലിയ പ്രതിഷേധങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ പൊലീസുകാരെ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

യുവാക്കളുടെയും സൈനികറിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം കാത്തിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്.
ഉത്തര്‍ പ്രദേശില്‍ പ്രതിഷേധിച്ച 260 പേര്‍ അറസ്റ്റിലായി. നാല് ജില്ലകളിലായി 6 എഫ്‌ഐആറുകള്‍ രെജിസ്റ്റര്‍ ചെയ്തു. ഹരിയാനയിലും ബിഹാറിലും ഇന്റര്‍നെറ്റിനുള്ള വിലക്ക് തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബീഹാര്‍ ബന്ദ് ആചരിക്കുകയാണ്.

തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ക്കു നേരെ നടന്ന പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. തെലങ്കാനയില്‍ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്‌സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചര്‍ ട്രയിനുകളുമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ റദ്ദാക്കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!