പരപ്പനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റി വിപുലമായ സംഘാടകസമിതിയുടെ മുന്‍കൈയില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന കൗമാരം സംഘര്‍ഷങ്ങള്‍ക്കപ്പുറം ക്യാംപയിനിലെ രക്ഷിതാക്കള്‍ക്കുള്ള ശില്പശാലകള്‍ക്ക് തുടക്കമായി. കൗമാരത്തെ അറിയാം എന്ന ആശയത്തിലൂന്നുന്ന പരിപാടിയുടെ ജില്ലാതല ട്രൈ ഔട്ട് പരപ്പനങ്ങാടി നവജീവന്‍ വായനശാലയില്‍ നടന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ.ബേബി ഷാരി നേതൃത്വം നല്‍കി. ഉദ്ഘാടന സെഷനില്‍
നവജീവന്‍ വായനശാല പ്രസിഡന്റ് വിനോദ് കുമാര്‍ തള്ളശ്ശേരി അധ്യക്ഷനായി. വായനശാല സെക്രട്ടറി മനീഷ്, ക്യാംപയിന്‍ ജില്ലാ കണ്‍വീനര്‍ സുനില്‍ സി.എന്‍. , ബാബുരാജ് കെ.ടി. എന്നിവര്‍ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഇ.എന്‍. ഷീജക്ക് അനുമോദനം നല്‍കി.
ഇപ്പോഴത്തെ ടീനേജ് പിള്ളേര്‍ കുഴപ്പക്കാരാണോ എന്ന ചോദ്യമുയര്‍ത്തുന്ന രക്ഷിതാക്കളുടെ ശില്പശാലയില്‍ എന്താണ് ടീനേജ്, കൗമാരകാല സമ്മര്‍ദ്ദം, കുടുംബത്തിലെ ജനാധിപത്യം, മാനസികാരോഗ്യം, കൗമാരക്കാരോട് എങ്ങനെ സംസാരിക്കണം, ആരോഗ്യകരമായി അതിര്‍വരമ്പുകള്‍ എങ്ങനെ നിശ്ചയിക്കാം, മുന്‍വിധികള്‍ ഒഴിവാക്കാം, കൗമാരവും മധ്യവയസ്സും തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ആക്റ്റിവിറ്റികളിലൂടെയായിരുന്നു മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശില്പശാലയിലെ മൊഡ്യൂള്‍ അവതരണം. പരിഷത്ത് ജില്ലാ സെക്രട്ടറി രാജലക്ഷ്മി വി., ജില്ലാ പ്രസിഡന്റ് സി.പി. സുരേഷ് ബാബു, ഉപസമിതി ചെയര്‍മാന്‍ മണികണ്ഠന്‍ വി.വി., അക്കാദമിക് കണ്‍വീനര്‍ വി.വിനോദ്, പരിഷത്ത് മേഖലാ സെക്രട്ടറി ജയ ടി.ടി., മേഖലാ പ്രസിഡന്റ് ശശിധരന്‍ എ.കെ. എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി.
അടുത്ത ഘട്ടമായി പഞ്ചായത്തുതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി ജൂലൈ 12,13 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം അക്കാദമിക നേതൃത്വം നല്‍കും. പരിശീലനത്തിന്റെ ഭാഗമായി പാറക്കടവ് ജി.എം.യു.പി സ്‌കൂള്‍, അരിയല്ലൂര്‍ ശിശുവിദ്യാലയം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ രക്ഷിതാക്കള്‍ക്കുള്ള ശില്പശാലകള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുത്ത പതിനൊന്ന് പഞ്ചായത്തുകളില്‍ ജൂലൈ അവസാനം മുതല്‍ മുഴുവന്‍ വാര്‍ഡുകളിലും രക്ഷിതാക്കള്‍ക്കുള്ള ശില്പശാലകള്‍ സംഘടിപ്പിക്കും. പഞ്ചായത്തുതല ശില്പശാലകള്‍ക്ക് നേതൃത്വം കൊടുക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാരാവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം . കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446426418, 8943439130.




