കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15 ന് അവസാനിച്ചിരുന്നു. മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും.
മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരങ്ങള്‍ കൈമാറിയെന്ന പരാതിയില്‍ എഡിജിപി എസ് ശ്രീജിത്തും ഇന്ന് വിശദീകരണം നല്‍കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഹാക്കര്‍ സായ് ശങ്കറിനോട് ഇന്ന് രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. സായ് ശങ്കറിനെ ഇന്ന് ഉച്ചയ്ക്ക് ചോദ്യം ചെയ്യും.
അതേസമയം കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നോട്ടീസ് നല്‍കി. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അനൂപിന്റെയും, സുരാജിന്റെയുമായി പുറത്തുവിട്ട ഓഡിയോ റെക്കോര്‍ഡിലെ വിവരങ്ങള്‍ അറിയാനും, ദിലീപിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസില്‍ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.




