നടന്‍ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: യുവതിയുടെ പീഡന പരാതിയില്‍ നടന്‍ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടിയ ഷിയാസിനെ ഇന്ന് ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം 11 മണിയോടെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചന്തേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തില്‍ ഷിയാസ് കരീമിനെ കസ്റ്റംസ് തടഞ്ഞത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഹൈക്കോടതി ഉത്തരവ് കാണിച്ച് ഉപാധികളോടെ വിട്ടയക്കാനാണ് നിര്‍ദേശം. നേരത്തെ താന്‍ ജയിലില്‍ അല്ലെന്നും ദുബായിലുണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോ ഷിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്യുകയായിരുന്ന യുവതിയെ ഇവിടെ വെച്ചാണ് ഷിയാസ് പരിചയപ്പെടുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയെന്നും യുവതി പരാതിയില്‍ പറയുന്നു. ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചതായും 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം.

Share news
error: Content is protected !!
Scroll to Top