മുംബൈ: കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടി രശ്മിക മന്ദാനയുടെതെന്ന പേരില്‍ പ്രചരിക്കുന്ന വൈറല്‍ ഡീപ്പ് ഫേക്ക്
വീഡിയോക്ക് പ്രതികരണവുമായി താരം രംഗത്ത് .ഒരു ലിഫ്റ്റിലേക്ക് രശ്മികയുടെ മുഖം ഉള്ള പെണ്‍കുട്ടി കയറി വരുന്നതാണ് വീഡിയോയില്‍. രശ്മിക എന്ന പേരില്‍ ഇത് വന്‍ വൈറലായി. എന്നാല്‍ ഈ വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കിയതായിരുന്നു. അതായത് രശ്മികയുടെ മുഖം കൃത്രിമമായി എഐ ഉപയോഗിച്ച് ചെയ്‌തെടുത്തതായിരുന്നു ഈ വീഡിയോ.
ഈ വീഡിയോയുടെ ഭാഗങ്ങള്‍ അടക്കം പങ്കുവച്ച് നിയമനടപടി വേണം എന്ന ആവശ്യവുമായി എക്‌സ് പ്ലാറ്റ് ഫോമില്‍ നടന്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരിക്കുകയാണ് . ശക്തമായ നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പ്രസ്താവിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റില്‍ കയറുന്ന ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വീഡിയോ രശ്മികയുടെതിന് സാമ്യമുള്ള തരത്തില്‍ മുഖം മോര്‍ഫ് ചെയ്ത് എഡിറ്റ് ചെയ്തിട്ടുണ്ടാക്കിയതാണെന്ന് ഫാക്ട് ചെക്കേര്‍സ് കണ്ടെത്തിയിരുന്നു.
തീര്‍ത്തും ഭയപ്പെടുത്തുന്നത് എന്നാണ് രശ്മിക ഇതിനെക്കുറിച്ച് എക്‌സില്‍ എഴുതിയ പ്രതികരണത്തില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണം രൂപം :-
അതിയായ വേദനയെടെയാണ് ഈ കാര്യം ഞാന്‍ നിങ്ങളോട് പറയുന്നത്, ഓണ്‍ലൈനില്‍ പ്രചരിക്കുന്ന എന്റെ ഡീപ്‌ഫേക്ക് വീഡിയോയെക്കുറിച്ചുള്ള എന്റെ പ്രതികരണമാണിത്.
സത്യസന്ധമായി പറഞ്ഞാല്‍ ഈ അവസ്ഥ ഭയാനകമാണ്. എനിക്ക് മാത്രമല്ല, സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇത്തരം അപകടങ്ങള്‍ക്ക് ഇരയാകുന്ന നമ്മളോരോരുത്തര്‍ക്കും ഇത് ഭീതിജനകമാണ്.
ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എന്റെ സംരക്ഷണവും പിന്തുണയും നല്‍കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. എന്നാല്‍ ഞാന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കില്‍, എനിക്ക് ഇത് എങ്ങനെ നേരിടാന്‍ കഴിയുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല.
ഇത്തരം ആക്രമണങ്ങളില്‍ നമ്മളില്‍ കൂടുതല്‍ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയിലും അടിയന്തിരമായും ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



