നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

കുറച്ച് വര്‍ഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംസ്‌കാരം ഇന്ന്‌ വൈകുന്നേരം പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.

പ്രേംനസീറിന്റെയും ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്താണ് ഷാനവാസ് ജനിച്ചത്. ചിറയിന്‍കീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്ഫോര്‍ട്ട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെന്നൈ ന്യൂ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ല്‍ പുറത്തിറങ്ങിയ ചൈനാ ടൗണ്‍ എന്ന സിനിമയിലൂടെ അദ്ദേഹം സിനിമാ മേഖലയില്‍ തിരിച്ചെത്തിയിരുന്നു. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗര്‍ഭശ്രീമാന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളില്‍ അഭിനയിച്ചു. പൃഥ്വിരാജ് ചിത്രം ജനഗണമനയിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാര്‍, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ആയിഷ ബീവിയാണ് ഭാര്യ. ഷമീര്‍ ഖാന്‍, അജിത് ഖാന്‍ എന്നിവരാണ് മക്കള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top