മലപ്പുറം: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലക്കേസ് പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി സൗജത്തിന്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കാമുകന്‍ താനൂര്‍ തെയ്യാല ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീര്‍ അറസ്റ്റില്‍. കൊലപാതകത്തിനുശേഷം ആത്മഹത്യാശ്രമം നടത്തിയ ബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ മാസം മുപ്പതിനാണ് പരപ്പനങ്ങാടി സ്വദേശി സൗജത്തിനെ കൊണ്ടോട്ടിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ഒക്ടോബറില്‍ കാമുകന്‍ ബഷീറിനൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗജത്ത്. ഈ കേസില്‍ സൗജത്തും കാമുകനായ ബഷീറും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
കഴിഞ്ഞ ആറു മാസമായി സൗജത്ത് കൊണ്ടോട്ടിയിലെ വാടക ക്വാട്ടേഴ്‌സിലായിരുന്നു താമസം. കൊണ്ടോട്ടി വലിയ പറമ്പിലെ വാടക ക്വാട്ടേഴ്‌സിലാണ് സൗജത്തിനെ നാട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കാണപ്പെട്ട കാമുകന്‍ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
വിദേശത്തായിരുന്ന ബഷീര്‍ കൊലപാതകം നടത്താന്‍ 2018-ല്‍ നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് സൗജത്തിന്റെ വീട്ടിലെത്തി ഉറങ്ങി കിടക്കുകയായിരുന്ന സവാദിനെ അതിക്രൂരമായി കൊലപ്പെടുത്തി. മത്സ്യത്തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സവാദ്. ബഷീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




