എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ഇനി എബിഎസ് നിര്‍ബന്ധം

HIGHLIGHTS : ABS now mandatory for all two-wheelers

2026 ജനുവരി 1 മുതല്‍ നിര്‍മ്മിക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഈ നീക്കം. പുതിയ ചട്ടങ്ങള്‍ പ്രകാരം അടുത്ത വര്‍ഷം മുതല്‍ എല്ലാ പുതിയ സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും എഞ്ചിന്‍ ശേഷി പരിഗണിക്കാതെ തന്നെ എബിഎസ് നിര്‍ബന്ധമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ ഫീച്ചര്‍ നിര്‍ബന്ധമാക്കുന്നതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവില്‍, 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ നിര്‍ബന്ധിത സിംഗിള്‍-ചാനല്‍ എബിഎസ് നിര്‍ബന്ധമാക്കിയിട്ടുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സവിശേഷത നിലവില്‍ ഇല്ല.

ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം അല്ലെങ്കില്‍ എബിഎസ്, പെട്ടെന്നുള്ള ബ്രേക്കിംഗ് സമയത്ത് വീല്‍ ലോക്ക്-അപ്പ് തടയുന്നു. ഇത് വാഹനം തെന്നിമറിയാനുള്ള സാധ്യത കുറയ്ക്കുന്നു. എബിഎസ് നിര്‍ത്തല്‍ ദൂരം കുറയ്ക്കാനും സഹായിക്കുന്നു. അപകട സാധ്യത 35 മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ ഈ സുരക്ഷാ ഫീച്ചര്‍ സഹായിക്കും എന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിലവിലെ നിയമങ്ങള്‍ പ്രകാരം, 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് സിംഗിള്‍-ചാനല്‍ എബിഎസ് അല്ലെങ്കില്‍ ഫ്രണ്ട് വീലില്‍ എബിഎസ് നിര്‍ബന്ധമാണ്. എങ്കിലും ചില കമ്പനികള്‍ 125 സിസി മോഡലുകളില്‍ സിംഗിള്‍-ചാനല്‍ എബിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 1.96 കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (SIAM) പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 1.53 കോടിയിലധികം ഇരുചക്ര വാഹനങ്ങള്‍125 സിസിയില്‍ താഴെയോ അതിന് തുല്യമോ ആയ എഞ്ചിന്‍ ശേഷി ഉള്ളവയാണ്. ഇത് മൊത്തം വാര്‍ഷിക ഇരുചക്ര വാഹന വില്‍പ്പനയുടെ 78 ശതമാനത്തില്‍ അധികമാണ്.

വില്‍പ്പന സമയത്ത് ഓരോ ഇരുചക്രവാഹനത്തിനൊപ്പവും വാഹന നിര്‍മ്മാതാക്കളും ഇരുചക്രവാഹന ഡീലര്‍മാരും രണ്ട് ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹെല്‍മെറ്റുകള്‍ നല്‍കണമെന്ന നിയമവും നിര്‍ബന്ധമാക്കും. ഈ രണ്ട് ചട്ടങ്ങളുടെയും ഔദ്യോഗിക വിജ്ഞാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!