കൊണ്ടച്ചന്‍ അബ്ദുള്ള കുട്ടിക്കും ഒഴുക്കല്‍ വള്ളങ്ങള്‍ക്കും കടലോളമുണ്ട് നോമ്പു തുറയോര്‍മകള്‍……

ഹംസ കടവത്ത്.
പരപ്പനങ്ങാടി : കാല്‍പാദത്തിലെ ചുകപ് മാറുന്നതിന് മുമ്പെ കുടുംബം പോറ്റാന്‍ കടലിലിറങ്ങിയ മത്സ്യതൊഴിലാളിയുടെ ജീവിതത്തിലെ നോമ്പു തുറകളിലെ ഏറെ ഭാഗവും ആഴക്കടലിലെ ആകാശപന്തലിന് താഴെയാണ്.നാട്ടിലും ഗള്‍ഫിലുമായി നാലര പതിറ്റാണ്ടിലേറെ കാലമായി മത്സ്യ ബന്ധനത്തിനായിറങ്ങിയതേറെയും അബ്ദുല്ല കുട്ടി തനിച്ചാണ്. ഗള്‍ഫിലെ സഊദിയില്‍ മീന്‍ പിടുത്തക്കാരനായി ചെങ്കലടിലിറങ്ങിയ തൊഴില്‍ കൂട്ടായ്മ്മയില്‍ നിന്ന് പെട്ടന്ന് ചെറുവള്ളത്തിലെ ഒറ്റയാന്‍ മത്സ്യ വേട്ടയിലേക് വഴി മാറി.

ആഴക്കടലിലെ പാറകെട്ടില്‍ ഒളിഞ്ഞിരിക്കുന്ന വില കുടിയ മത്സ്യങ്ങള്‍ സ്‌കാനറില്‍ തെളിയുന്നതോടെ ചൂണ്ടയെറിഞ്ഞ് അവ തോണിയിലേക് വലിച്ചു കയറ്റും. ഭാഗ്യന്വേഷണങ്ങള്‍ മണികൂറുകള്‍ നീളുമ്പോള്‍ കാലിയായ വലകളുമായി തിരിച്ചു വരേണ്ട സാഹചര്യങ്ങളില്‍ ഖഫീലിന്റെ നൈരാശ്യമുള്ള മുഖമോര്‍ക്കുമ്പോള്‍ രാവെന്നോ പകലെന്നോ നോക്കാതെ കടലില്‍ കഴിച്ചു കൂട്ടുമായിരുന്നവെന്ന് അബ്ദുള്ളക്കുട്ടി ഗള്‍ഫിലെ ഓര്‍മകള്‍ ഓര്‍ത്തെടുത്തു പറഞ്ഞു. നോമ്പു കാലങ്ങളില്‍ അത്തരം ദിവസങ്ങളില്‍ പലപ്പോഴും നോമ്പുതുറയും , പ്രാര്‍ത്ഥനകളുമെല്ലാം ആഴക്കടലില്‍ തമ്പടിച്ച ചെറുതോണിയില്‍ വെച്ച് തന്നെ നിര്‍വഹിക്കും . എന്നാല്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയിട്ടും നാല്‍പ്പതും , അമ്പതും തൊഴിലാളികള്‍ പണിയെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളില്‍ മത്സ്യ ബന്ധനത്തിനിറങ്ങാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും ഒന്നും രണ്ടും പേര്‍ മാത്രം തൊഴിലിനിറങ്ങുന്ന ‘ ഒഴുക്കല്‍ ‘ വള്ളത്തിലെ ജോലിയാണ് അബ്ദുള്ള കുട്ടി തെരഞ്ഞെടുത്തത്.

ഒഴുക്കല്‍ വള്ളങ്ങള്‍ പതിവ് പോലെ നോമ്പുകാലത്തും ഉച്ചയോടെ കടലിലിറങ്ങും.
മഗ്രിബിന്റെ സമയമാകുമ്പോഴും ആഴ കടലിലെ നിശ്ചിത സ്ഥലത്തെത്തി വല വിരിക്കും. സൂര്യാസ്തമയത്തിന്റെ മനോഹര സാക്ഷ്യം നേരില്‍ കാണുന്നതും പുതിയ കാലത്ത് മൊബൈലില്‍ നിന്ന് മഗ്രിബ് ബാങ്കിന്റെ സമയം അലാറം മുഴങ്ങുന്നതും ഒരുമിച്ചായിരിക്കും. ഇതോടെ ഈത്ത പഴം കൊണ്ട് പുണ്യകരമായ നോമ്പുതുറ , നേരത്തെ തയ്യാര്‍ ചെയ്തുവെച്ച തണ്ണിമത്തനും വെള്ളവു കൊണ്ട് പ്രാഥമിക നോമ്പുതുറ , തുടര്‍ന്ന് ഏകനായി ഏകനായ ദൈവത്തിന് മുന്നില്‍ സമര്‍പ്പിതനായി, തികഞ്ഞ ഏകാഗ്രതയോടെ മഗ്രിബിന്റെ പ്രാര്‍ത്ഥന , തുടര്‍ന്ന് ഭാര്യ ജമീല തയ്യാര്‍ ചെയ്തു തന്ന നെയ്‌സ് പത്തിരിയും കറിയുമായി കടല്‍ പരപ്പിനെ സാക്ഷിയാക്കി, നക്ഷത്രങ്ങള്‍ മിഴി തുറന്ന ആകാശ പന്തലില്‍ വെച്ച് നോമ്പു തുറ.

ഇതൊരു അബ്ദുല്ല കുട്ടിയുടെ മാത്രം നോമ്പു തുറയുടെ കടല്‍ അനുഭൂതിയല്ല. എല്ലാ ഒഴുക്കല്‍ വള്ളങ്ങളിലേയും വിശ്വാസികളായ തൊഴിലാളികള്‍ക് കടല്‍ നോമ്പുതുറയും അത്താഴവും മുത്താഴവും മറക്കാനാവാത്ത അനുഭവവും അനുഭൂതിയുമാണ്.

നോമ്പു തുറക് ശേഷം ഇശാഅ് നിര്‍ബന്ധ പ്രാര്‍ത്ഥനയും ഐഛിക തറാവീഹും നിര്‍വഹിച്ച് രണ്ട് അംഗങ്ങള്‍ തൊഴിലാളികളായുള്ള വള്ളത്തില്‍ രാത്രി പത്തു മണിയോടെ ഒരാള്‍ ഉറക്കിലേക്കും അപരന്‍ കടലില്‍ വിരിച്ച വലയില്‍ കയറുന്ന മത്സ്യ നിരീക്ഷണത്തിലേക്കും വഴിമാറും . അത്താഴത്തിന് വിളിച്ചുണര്‍ത്തപ്പെടുന്ന സഹോദരന് മുന്നില്‍ കടലില്‍ നിന്ന് ചൂണ്ടയെറിഞ്ഞ് പിടിച്ച ഫ്രഷ് മീന്‍ കൊണ്ടുണ്ടാക്കിയ കറി ചെറു തോണിയിലെ സ്റ്റൗവില്‍ നിന്നിറക്കിവെച്ചതും, ചോറും വിളമ്പി വെച്ച് കൂടിയിരുന്നുളള സ്‌നേഹ സാഹോദര്യത്തിന്റെ പങ്കുവെപ്പുകള്‍ അലയടിക്കുന്ന അത്താഴത്തിന്റെ നിറവില്‍, വല വലിച്ചു കയറ്റി തീരത്തെത്തുമ്പോള്‍ സുബഹി ബാങ്കിന്റെയും സൂര്യോദയത്തിന്റെയും വെള്ളി വെട്ടം കണ്ണും കാതും നിറയ്ക്കും.

വില കുടിയ മത്സ്യ ഇനങ്ങളായ അയക്കുറ , ആവോലി , വാള , സൂധ, തെരണ്ടി , ഏട്ട , സ്രാവ് തുടങ്ങി മതിസ്യങ്ങളുമായാണ് ഒഴുക്കല്‍ വള്ളങ്ങള്‍ തീരമണയാറ്.
എന്നാല്‍ ആഴകടലില്‍ നിന്ന് ബഹു രാഷ്ട്ര കുത്തക കമ്പനി കപ്പലുകള്‍ക് മത്സ്യമൂറ്റാന്‍ അനുമതി കൊടുത്തതോടെ ഇത്തരം മത്സ്യങ്ങള്‍ കിട്ടാകനിയായി മാറുകയും , ബോട്ടുകളെ പോലെ ഇത്തരം ചെറുകിട വള്ളക്കാരുടെയും നോമ്പും പെരുന്നാളും നിറം മങ്ങുകയും, ആഴക്കടല്‍ പകര്‍ന്നു തന്നിരുന്ന അനിര്‍വചനീയമായ നോമ്പു തുറ അനുഭൂതികള്‍ ഓര്‍മ്മയായി തിരതല്ലാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ പരപ്പനങ്ങാടി തീരത്തെ കൊണ്ടച്ചന്‍ അബ്ദുള്ള കുട്ടിയെ പോലുള്ള ചുരുക്കം ചിലര്‍ ഇപ്പോഴും പതിവ് പരീക്ഷണം തുടരുകയാണ് ഇപ്പോഴും..

Share news
error: Content is protected !!
Scroll to Top