Section

malabari-logo-mobile

‘ഒരട്ടി മണ്ണ് പുതച്ച്കിടപ്പൂ തീരാക്കടമേ മമജന്മം’

HIGHLIGHTS : ഫ്രന്‍ഷിപ്പ് ദിനത്തില്‍ അബ്ദുള്‍ സലിം. ഈ.കെ.എഴുതുന്നു ആ ‘സൗഹൃദത്തല്ല്’ അത്ര കടുത്ത് പോകുമെന്ന് നിനച്ചിരുന്നില്ല സത്യത്തില്‍ …. മധ...

ഫ്രന്‍ഷിപ്പ് ദിനത്തില്‍ അബ്ദുള്‍ സലിം. ഈ.കെ.എഴുതുന്നു

ആ ‘സൗഹൃദത്തല്ല്’ അത്ര കടുത്ത് പോകുമെന്ന് നിനച്ചിരുന്നില്ല സത്യത്തില്‍ ….

sameeksha-malabarinews

മധ്യവേനല്‍ അവധി കഴിഞ്ഞ് ഇനി രണ്ട് മാസം കഴിയണം ഇനിആ’തല്ലിയോടല്‍’ ആഘോഷത്തിന്…

അബ്ദുൾ സലിം. ഈ.കെ.

സ്‌കൂള്‍ വിട്ട് സ്വന്തം വീടിനടുത്തെത്തുമ്പോള്‍ അടുത്ത സുഹൃത്തിന്റെ പുറത്തിട്ട് നല്ലൊരു വീക്ക്…
തിരിച്ചുമാവും ചിലപ്പോള്‍ വീട്ടിന്റെ പടിയില്‍ വെച്ച് അടി വാങ്ങുന്നത് ആരാജ്യത്തെ രാജകുമാരനാവും…

അതിലാര്‍ക്കും പരാതി പറയാനവകാശമില്ല.
പിറ്റേ ദിവസം ആ അടിയുടെ പേരില്‍ ആരും വഴക്കിന് പോവില്ല….

സൗഹൃദത്തിന്റെ ഈ മധുരനൊമ്പരം അനുഭവിക്കാത്തവര്‍ ചുരുക്കമാവും….

അവന്റെ പുറത്ത് എന്റെ കൈ ആഞ്ഞു പതിച്ചത് ആ സ്വാതന്ത്ര്യത്തിന്റെ ബലത്തിലാണ്…..

അവന്‍ മറ്റൊരുത്തന്റെ പുറത്ത് അടിക്കാന്‍ വട്ടം കൂട്ടുന്ന മറവിലാണ് എനിക്ക് അവസരമൊത്തു വന്നത്.
പക്ഷേ അടി അല്‍പം കനത്തു പോയി….
എന്റെ കൈയ്യും വല്ലാതെ വേദനിച്ചു….

അവന്‍ കുനിഞ്ഞിരുന്ന് എന്റുമ്മാ എന്ന് പറഞ്ഞു പുറത്ത് കൈവെച്ച് കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോയി…

അടി കഴിഞ്ഞാല്‍ പിന്നെ ഓട്ടമാണ്പതിവ്.. ഓട്ടത്തിനിടയിലും അവന്റെ ആ കരച്ചില്‍ മനസില്‍ നിന്ന് പോകുന്നില്ല….

മൂന്നാം ക്ലാസ്സില്‍ നിന്ന് നാലിലേക്ക് കടക്കാനിരിക്കുന്ന സമയമാണ്.
ഇനി വല്ലതും പറഞ്ഞ് ആശ്വസിപ്പിക്കണമെങ്കില്‍ രണ്ട് മാസം കഴിയണം.
ആകെ സങ്കടത്തിലായിരുന്നു .

പലപ്പോഴും അവധിക്കാലം അമ്മാവന്റെ വീട്ടിലും പെങ്ങളുടെ വീട്ടിലുമൊക്കെയുള്ള സുഖവാസ കാലങ്ങളാണ്….
നാലിലേക്ക്
‘ജയിച്ചതറിയാന്‍’ പോയത് ഏട്ടനായിരുന്നു…

സ്‌കൂള്‍ തുറക്കാറായി, എങ്കിലുമെന്തോ അവന്റെ ഉമ്മയെവിളിച്ച് കരയുന്ന മുഖം മനസ്സില്‍ നിന്ന് പോയിരുന്നില്ല…

അവന്റെ വീട് മുക്കം അങ്ങാടിക്കടുത്തു തന്നെയായിരുന്നു..
ഓര്‍ഫനേജ് സ്‌കൂളില്‍ അക്കാലത്ത് നടന്നിരുന്ന ജില്ലാതല സ്‌കൂള്‍ ഫുട്‌ബോള്‍ കാണാന്‍ എന്റെ ഏട്ടന്‍മാര്‍ പോകുമ്പോള്‍ അവനുമുണ്ടാവും എന്നോടൊപ്പം കൂടെ, നേരംഇരുട്ടിയാല്‍ അവന്റെ ഉമ്മ വഴിയില്‍ ഇറങ്ങി നില്‍ക്കും ചിലപ്പോള്‍ പഞ്ചസാരയിട്ട വെള്ളം കലക്കി വെക്കും ഞങ്ങള്‍ക്ക് കൂടി…

ഹൈസ്‌കൂളിലെ യൂത്ത് ഫെസ്റ്റിവല്‍ ദിവസം അവന്റെ വീട്ടില്‍ പോയി ഊണുകഴിച്ചിട്ടുണ്ട് ഒരിക്കല്‍…

എന്നെപ്പോലെ ഹോം വര്‍ക്ക് ചെയ്ത് വരുന്നതില്‍ മടിയുള്ളവന്‍…
മാഷന്‍ മാരുടെ അടിവാങ്ങാന്‍ മടിയില്ലാത്തവന്‍..
രണ്ടാമത്തെ പിരിയഡ് കഴിഞ്ഞുള്ള ഇടവേളകളില്‍ പോലും
കെട്ടുപന്തു കൊണ്ട് കളിക്കാന്‍ എന്നോടൊപ്പം ഗ്രൗണ്ടിലേക്ക് ഓടുന്നവന്‍….
സൗഹൃദത്തിന് ഒരു പാടു കാരണങ്ങള്‍…

സ്‌കൂള്‍ തുറക്കുന്ന ദിവസം …
അവധിക്ക് മുമ്പുള്ള ആ അവസാന ദിവസത്തെ
രംഗങ്ങള്‍ മനസ്സില്‍ പലതവണ തിരിച്ചെത്തി….
എങ്ങനെ എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ ഫേസ് ചെയ്യും….’

അവസാനം ഒരു തീരുമാനത്തിലെത്തി.
സ്‌കൂളിലേക്ക് പോകുമ്പോള്‍ ബാപ്പയുടെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്ന ഏര്‍പ്പാടുണ്ട്.
‘സിങ്കിള്‍ പൊറോട്ട ‘യാണ് സ്ഥിരം കടി. അത് പൊതിഞ്ഞെടുത്ത് അവന് കൊടുക്കുക. പൊറോട്ട അവന് വലിയ ഇഷ്ടമാണ്. മുമ്പ് ഒന്ന് രണ്ട് തവണ അങ്ങനെ അവന് കൊടുത്തിട്ടുണ്ട് പകുതി തിന്ന് ബാക്കി അനിയത്തിക്കെന്ന് പറഞ്ഞ് അവന്‍ വീട്ടില്‍ കൊണ്ടു പോകും….

അങ്ങനെ സതീര്‍ത്ഥ്യനുള്ളതും പൊതിഞ്ഞു കെട്ടിയാണ് ആ പുതുവര്‍ഷം സ്‌കൂളിലേക്ക് യാത്രയായത് .
ഒറ്റക്കാണ് പോയത് വഴിയില്‍ അവന്റെ വീട്ടിലേക്ക് നോക്കി. ആരെയും കണ്ടില്ല.

ബെല്ലടിക്കാന്‍ നേരമാണ് സ്‌കൂളിലെത്തിയത്.
സ്‌കൂളില്‍ ആകെ ബഹളമാണ്….
ഞങ്ങളുടെ മൂന്നാം ക്ലാസ് വിഭജിച്ചിരിക്കുന്നു…
ഓര്‍ഫനേജ് സ്‌കൂളിലെ
‘ഡേ സ്‌കോളേര്‍സ്’ ആയ കുട്ടികള്‍ക്കായി നാലില്‍ ഒരു ഡിവിഷന്‍..

ഞാനും ഒന്നു രണ്ട് പേരും മാത്രം ഓര്‍ഫനേജ് അന്തേവാസികള്‍ ഉള്‍പ്പെടുന്ന ക്ലാസ്സില്‍..
ഞാന്‍ അവനെ
തപ്പി….
അവന്‍ എന്റെ ക്ലാസ്സിലില്ല…
‘പുറമത്തെ കുട്ടികളുടെ ‘ ക്ലാസ്സില്‍
അവനുണ്ടാവുമെന്ന ധാരണയില്‍ പൊറോട്ടയുടെ പൊതി ആരെയും കാണിക്കാതെ ഇന്റര്‍വെല്‍ വരേകാത്തിരുന്നു…

ഇന്റര്‍വെല്‍ ആയതും
ഞാന്‍ അവനെ അന്വേഷിച്ചു ചെന്നു. ആരും കാണാതെ എന്റെ സ്‌നേഹം അവന് കൈമാറണം, പരിഭവം മാറ്റണം…

ക്ലാസ്സിലെവിടെയും അവനില്ല…
ഇന്ന് ആദ്യ ദിവസമായിട്ട് അവനില്ലേ…
ക്ലാസ്സില്‍ കയറി തിരക്കാമെന്ന് കരുതി.

അവനെവിടെ എന്ന് ചോദിച്ചതും, ചിലര്‍ ഏതോ അന്യഗ്രഹ ജീവിയെ എന്ന പോലെ അല്‍ഭുതതോടെ നോക്കുന്നു…

നീയറിഞ്ഞിേല്ലേ?
അവന്‍…..

ഇടശ്ശേരിയുടെ ഒരു കവിതയുണ്ട്
‘ബിംബി സാരന്റെ ഇടയന്‍ ‘

ഇടശ്ശേരിയുടെസ്വാനുഭവം വിവരിക്കുന്ന വരികളുണ്ടതില്‍

പ്രായമായ അമ്മയ്ക്ക് പുതയ്ക്കാനായി സുഹൃത്ത് വശം കൊടുത്തയച്ച കമ്പിളിപ്പുതപ്പ് അമ്മയുടെ കൈയ്യിലെത്താന്‍ കുറച്ച് താമസിച്ചു. സുഹൃത്ത് എന്തോ തിരക്കില്‍ പെട്ടു മറന്നു പോയി…
അന്വേഷിച്ച് എത്തിക്കുമ്പോഴേക്കും അമ്മ മരണപ്പെട്ടിരുന്നു….

മുക്കം അങ്ങാടിക്കടുത്ത് വെച്ച് ഏതോ കുട്ടി ബസ് തട്ടി മരിച്ചിരുന്നു എന്ന് കേട്ടതോര്‍മ്മയുണ്ട്.
ഞാന്‍ എളമരത്ത് അമ്മാവന്റെ വീട്ടിലായിരുന്ന സമയത്താണ്…

അതവനായിരുന്നെന്ന് ഞാനറിഞ്ഞിരുന്നില്ല….
ഉമ്മാന്ന് വിളിച്ച് കരയുന്ന അവന്റെ മുഖം വീണ്ടും
മനസ്സിലെത്തി..
അവനെ ഞാന്‍ അവസാനം കണ്ടതങ്ങനെയാണ്…

വൈകിട്ട് സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നില്ല…

ഞാന്‍ പതുക്കെ പിന്നില്‍ നടന്നു …
അവന്റെ വീട്ടിലെത്താറായപ്പോള്‍ അവന്റെ കരഞ്ഞുകൊണ്ടുള്ള മുഖം വീണ്ടും മനസ്സിലെത്തി.
ഞാന്‍ അവന്റെ വീട്ടിലേക്ക് കയറി, അവിടെ കുറെ ആളുകളൊക്കെയുണ്ട് …

എന്നെ കണ്ടതും അവന്റെ ഉമ്മഇറങ്ങി വന്നു…
അവര്‍ക്കെന്നെ അറിയാം.
എന്നെ കണ്ടതും അവരുടെ കണ്ണ് നിറഞ്ഞത് ഞാനും കണ്ടു.
അവരെന്നെ നിര്‍ബന്ധിച്ച് വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഒരു ഗ്ലാസ് പായസം തന്നു…
ആ പായസത്തിന്റെ മധുരം എന്തോ എന്റെ നാക്കിലെ രസമുകുളങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല…

അന്ന് അവന്റെ മരണാനന്തരമുള്ള ചടങ്ങ്
‘നാല്‍പത് ‘ആണന്ന് അവന്റെ ഉമ്മ പറഞ്ഞതോര്‍ക്കുന്നു.
പോരാന്‍ നേരം ഞാന്‍ എന്റെ ബാഗ് തപ്പി, അവന്റെ അനിയത്തിയാവണം ഒന്നുമറിയാതെ ഒരു കുട്ടി അവിടെ ഓടിച്ചാടി നടക്കുന്നു. അവനായികരുതിയ ആ പൊറോട്ട അവള്‍ക്ക് കൊടുക്കാം….
എനിക്കപ്പോള്‍ അതാണ് തോന്നിയത്.
പക്ഷേ പൊതിഞ്ഞുവെച്ച
പൊറോട്ട ബാഗിനകത്ത് കാണുന്നില്ല…
ആരോ എടുത്തോ അതോ വീണു പോയോ?

ഇടശ്ശേരിയുടെ വരികളിങ്ങനെ….

”ഒരട്ടി മണ്ണു പുതച്ചുകിടപ്പൂ
തീരാക്കടമേ മമജന്മം”

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!