Section

malabari-logo-mobile

നസീബുള്ള ബീരാന്‍കുട്ട്യാക്ക; ഒരു അഗ്‌നിശമന സേനാംഗത്തിന്റെ അനുഭവക്കുറിപ്പ്

HIGHLIGHTS : ഇത് പോലെ ചിലജന്മങ്ങളുണ്ട് ഭൂമിയില്‍ ഒരുശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുംപിടി തരാതെ....

എഴുത്ത് ;അബ്ദുള്‍ സലീം ഇ.കെ
ഇത് പോലെ ചിലജന്മങ്ങളുണ്ട് ഭൂമിയില്‍ ഒരുശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുംപിടി തരാതെ….

കരയില്‍ മാത്രം ജീവിക്കുന്ന ജീവികള്‍ വെള്ളത്തില്‍ മാത്രം ജീവിക്കുന്ന ജീവികള്‍ പിന്നെ രണ്ടിടങ്ങളിലും ഒരു പോലെ ജീവിക്കുന്ന ഉഭയജീവികള്‍…. ജന്തുലോകത്തെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങളായി ലോവര്‍ പ്രൈമറി ക്ലാസ്സ് മുതല്‍ മനസ്സിലുറപ്പിച്ച ചില തരംതിരിവുകളാണിത്!
ഏതു പാതിരാത്രിയിലും പറയാവുന്ന ചില ഉദാഹരണങ്ങളും ആരുടെയും മനസ്സിലുണ്ടാവും…പക്ഷേ ഈ ബീരാന്‍ കുട്ട്യാക്കയെ ഞാനേത് വിഭാഗത്തില്‍ പെടുത്തും?

sameeksha-malabarinews

ബീരാന്‍ കുട്ട്യാക്കയെ പരിചയപ്പെടുന്നത് 1997ല്‍ തിരൂര്‍ സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ്….
മറിഞ്ഞു വീഴാതിരിക്കാന്‍തോണിയുടെ അറ്റത്ത് ശരീരം കെട്ടിയുറപ്പിച്ച് മണല്‍കോരിയിടുന്നതിനിടയില്‍ തോണി നിറയെ മണലുമായി മുങ്ങിപ്പോയ യുവാവിനായുള്ള തിരച്ചില്‍ പരപ്പനങ്ങാടി കൊടിഞ്ഞിക്കടുത്തായിരുന്നു സംഭവം!
ഇരുപത്തഞ്ചടിയോളം താഴ്ചയുണ്ട് …പെട്ടെന്ന് മഴ പെയ്തു. വീണ്ടും വെള്ളമുയര്‍ന്ന് കൊണ്ടിരിക്കുന്നു. നാട്ടുകാരായ മണല്‍ പണിക്കാര്‍ പലതവണ ശ്രമിച്ചിട്ട് നടക്കാത്തിടത്തേക്കാണ് ഞങ്ങളെ വിളിച്ചത്! സ്റ്റേഷന്‍തല പരിശീലന കാലഘട്ടമാണ്……രണ്ടും കല്‍പ്പിച്ച് ഉയരത്തില്‍ നിന്ന് ചാടിമുങ്ങി നോക്കി ഒന്ന് രണ്ട് തവണ തോണി തൊടാനായി.
നല്ല അടിയൊഴുക്ക്… അടുത്ത ഡൈവിന് മൃതദേഹത്തിന്റെ കൈയില്‍ പിടി കിട്ടി പക്ഷേ പൊങ്ങുന്നില്ല ,തോണിയില്‍ സ്വയം ബന്ധിച്ച് കാല് നീട്ടിയുള്ള കിടപ്പ് ഫീല്‍ ചെയ്തു. കാല്‍ കൊണ്ട് തിരയുമ്പോള്‍! പതുക്കേ പിന്‍വാങ്ങി കരയില്‍ കയറി മുഖത്തോടു മുഖം നോക്കിയിരിന്നു ഞങ്ങള്‍ നാലഞ്ച് യുവസേനാംഗങ്ങള്‍! ഇനിയെന്ത്? തോണി ഒന്നിച്ച് പൊക്കിയാലോ? നിറയെ മണലാണ്! പോംവഴിയെന്ത്…. അപ്പോഴാണ് ‘ബേജാറാവണ്ട കുട്ട്യളേ മ്മക്കൊന്ന് നോക്കാ’ എന്ന് പറഞ്ഞ്


അബ്ദുള്‍ സലീം ബീരാന്‍കുട്ട്യാക്കയോടൊപ്പം

ബീരാന്‍ കുട്ട്യാക്കയുടെ രംഗപ്രവേശം…തോണിയുടെ കിടപ്പ് എന്നോട് ചോദിച്ച് മനസ്സിലാക്കി മൂപ്പര് മെല്ലെ വെള്ളത്തിലിറങ്ങി. ഏതാണ്ട് ഒന്നൊന്നര മിനുട്ട് കഴിഞ്ഞു കാണും ബീരാന്‍ കുട്ട്യാക്ക മുങ്ങിയ ഭാഗത്ത് നിന്ന് ചെറിയ കുമിളകള്‍ പൊങ്ങി വരുന്നു…ആകെയൊരു ആശങ്ക പടര്‍ന്നു. നാട്ടുകാരും പിന്നില്‍ നിന്ന് കുശുകുശുക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയിലെ അപകടവാര്‍ത്തകള്‍ പുതുമയല്ല. അതും ഞങ്ങളെ സഹായിക്കാനെത്തിയ ഒരു സിവിലിയന്‍!
ജീവന്‍ രക്ഷിക്കാന്‍ സ്വജീവന്‍ ത്യജിക്കാം പക്ഷേ ഇത്….
കൈകാലുകള്‍ മുങ്ങിക്കയറിയതിനേക്കാള്‍ ബലഹീനമായത് പോലെ ….
മഴയാണെങ്കില്‍ തകര്‍ത്ത് പെയ്യുന്നു. എന്ത് ചെയ്യും….

‘ആപതി കിംകരണീയം
സ്മരണീയം ചരണ യുഗളമംബയാ….’
പിന്നീട് കുറെ നേരത്തേക്ക് ഒരനക്കവുമില്ല……
മൂന്നോ നാലോ മിനിട്ട് കഴിഞ്ഞ് കാണും പെട്ടന്നതാ പത്ത് പതിനഞ്ച് മീറ്ററോളം താഴെയായി ഒരുകയറുമായി ‘വലി’ എന്നും പറഞ്ഞ് മൂപ്പര് കയറ് ഞങ്ങള്‍ക്ക് നേരെ നീട്ടി നീന്തി കരയില്‍ കയറുന്നു. സത്യത്തില്‍ ബീരാന്‍കുട്ട്യാക്കയെ ജീവനോടെ കണ്ട സന്തോഷത്തിലായിരുന്നു ഞങ്ങളും നാട്ടുകാരും …. തോണിയിലെ കെട്ടഴിച്ച് ആകയറിന്റെ അറ്റം മൃതദേഹത്തിന്റെ കൈയില്‍ കെട്ടിയാണ് മൂപ്പര് പൊങ്ങി വന്നത്!
വലിച്ച് നോക്കിയപ്പോള്‍ കൈയില്‍ കെട്ടിയ കയറുമായി മൃതദേഹം പൊങ്ങി വന്നു.
കരയില്‍ എടുത്ത് കിടത്തി…
ഒരു കറുത്ത ടീഷര്‍ട്ടും മാടിക്കുത്തി കെട്ടിയ രീതിയിലുള്ള ലുങ്കിയുമായി ഉറങ്ങിയ പോലെ കണ്ണടച്ച് കിടക്കുന്നു സുമുഖനായൊരു ചെറുപ്പക്കാരന്‍…..സര്‍വീസില്‍ ആദ്യമായി ‘അനുഭവിച്ച ‘മുങ്ങി മരണം…

ബോഡി ആശുപത്രിയിലേക്കയച്ച് ആരോ തന്ന കട്ടന്‍ ചായകഴിക്കുന്നതിനിടയില്‍ ഞാന്‍ മെല്ലെ ബീരാന്‍കുട്ട്യാക്കക്കൊപ്പം കൂടി….ഇത്ര നേരം വെള്ളത്തിനടിയില്‍ ശ്വാസംപിടിച്ച്കിടക്കുന്ന ഗുട്ടന്‍സ് ഒന്ന് പഠിച്ചെടുക്കണം….
‘ശ്വാസം മുട്ടണ വരെ പിടിച്ച് വെക്കും പിന്നെ അങ്ങട്ട് വിടും പിന്നെയും നില്‍ക്കും അത്രയും നേരം വെള്ളത്തിന്റടീല്, പിന്നെ ഞാന്‍ ഒരിറക്ക് വെള്ളം കുടിക്കും അങ്ങനേം കിട്ടും ഒരു ബീപ്പയച്ച പോലെ തന്നെ ‘മൂപ്പരുടെ വിശദീകരണം ഇതായിരുന്നു.

സ്റ്റോപ്പ് വാച്ചും വെച്ച് ഒന്നര മിനുട്ട് വരെ പരിശീലനാര്‍ത്ഥികളെ വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ പഠിപ്പിക്കുന്നതിന് സഹായിയായിഫയര്‍ സര്‍വ്വീസ് അക്കാദമിയിലെ നീന്തല്‍കുളത്തില്‍ നില്‍ക്കുമ്പോള്‍ പരിശീലകന്‍ ബൈജു പണിക്കരോട് ഞാന്‍ അന്വേഷിച്ചു ബീരാന്‍ കുട്ട്യാക്കയുടെ ചെകിളപ്പൂക്കള്‍ കൊണ്ട് വെള്ളം കുടിച്ച പോലെയുള്ള ശ്വാസമെടുക്കുന്ന വിദ്യയെക്കുറിച്ച്!
‘ഓക്‌സിജന്റെ അളവ് കുറഞ്ഞാലുള്ള ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളെ അതിജീവിക്കാനുള്ള മാനസികനിലയാവാം ബീരാന്‍ കുട്ട്യാക്കപരിശീലനത്തിലൂടെ ആര്‍ജ്ജിച്ചിരിക്കുക’ ഇതായിരുന്നു വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബൈജു പണിക്കരുടെ അഭിപ്രായം!
പിന്നീട് പലയിടങ്ങളില്‍ ബീരാന്‍ കുട്ട്യാക്ക ഞങ്ങളുടെ സഹപ്രവര്‍ത്തകനായി വഴികാട്ടിയായി ചിലപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ രക്ഷകനായി…

കാലത്തിനൊത്ത് കേരളാ അഗ്‌നി രക്ഷാ സേനയും മാറിക്കൊണ്ടിരിക്കുകയാണ്…..
ജലാശയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തിരച്ചിലിനുമൊക്കെ ആധുനിക ഉപകരണങ്ങളും പരിശീലനവും സേന സ്വായത്തമാക്കിക്കഴിഞ്ഞു…..
SCUBA (Self Contained Under water Breathing Apparatus) ജലാശയങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഇന്ന് മിക്ക ഫയര്‍ സ്റ്റേഷനുകളിലുമുണ്ട്. ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ എല്ലാ നിലയങ്ങളിലും എത്തിക്കുന്നതിനുള്ള തിരക്കിലാണ് സര്‍ക്കാര്‍ . റബ്ബര്‍ ഡിങ്കിയും ഔട്ട് ബോര്‍ഡ് എഞ്ചിനുമൊക്കെ വന്നുകൊണ്ടിരിക്കുന്നു. പരിശീലന കാലത്ത് തന്നെ മുങ്ങാനും ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാനും പരിശീലിപ്പിച്ച് തുടങ്ങി. നീന്തലും ഫ്‌ലോട്ടിംഗുമൊക്കെ ഫയര്‍മാന്റെ അടിസ്ഥാന യോഗ്യതയാക്കി.
എന്നാല്‍ ഇതൊന്നുമില്ലാത്ത കാലത്തും ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ സേനാംഗങ്ങള്‍ സ്വജീവന്‍ പോലും മറന്ന് ഏര്‍പ്പെടുമായിരുന്നു . നാട്ടിന്‍ പുറത്തെമുന്‍ അനുഭവങ്ങളും കുട്ടിക്കാലത്തെ നീന്തല്‍ പാടങ്ങളുമായിരുന്നു കൈമുതല്‍. രക്ഷാപ്രവര്‍ത്തനമേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി അന്ന് ജലരക്ഷയായിരുന്നു. നാട്ടുകാരുടെ നിര്‍ലോഭമായ സഹായങ്ങളായിരുന്നുഅക്കാലത്ത് ഫയര്‍സര്‍വ്വീസിന്റെ ആശ്രയം. മണല്‍തോണികളും കടവ് വള്ളങ്ങളുമൊക്കെ നാട്ടുകാര്‍ സംഘടിപ്പിക്കും. അപരിചിതമായ സ്ഥലങ്ങളില്‍ ബീരാന്‍ കുട്ട്യാക്കയെ പോലുള്ളവര്‍ സഹായികളാവും. ഫയര്‍ സര്‍വ്വീസിന്റെ തന്നെ ജനകീയ സംരഭമായ കമ്യൂണിറ്റി റസ്‌ക്യൂ വളണ്ടിയര്‍മാരും വിവിധ സന്നദ്ധ സംഘടനകളും ഇന്ന് ഫയര്‍ സര്‍വ്വീസിന് സഹായത്തിനുണ്ട്.

എടവണ്ണയില്‍ (18.6 .19 ന് ) പൊട്ടിക്കടവില്‍ തലേ ദിവസം മുങ്ങിത്താണ ചെറുപ്പക്കാരനായുള്ള തിരച്ചിലിനായി മലപ്പുറം ഡിസ്ട്രിക്റ്റ് ഫയര്‍ & റസ്‌ക്യൂ സ്‌കൂബാ ടീമിനൊപ്പം ചെന്നപ്പോഴാണ് ബീരാന്‍ കുട്ട്യാക്ക അറുപത്തിഏഴാം വയസ്സിലും തോര്‍ത്തുമുടുത്ത് വെള്ളത്തിലിറങ്ങുന്നത് കണ്ടത്! എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സ് എന്ന സന്നദ്ധ സംഘടനയോട് ചേര്‍ന്നാണിപ്പോള്‍ ബീരാന്‍ കുട്ട്യാക്കയുടെ പ്രവര്‍ത്തനം ! പണ്ട് മുങ്ങല്‍ ഉപജീവനമാര്‍ഗ്ഗമായി പാലം പണിക്ക് ഹൈദരാബാദിലൊക്കെ ബീരാന്‍ കുട്ട്യാക്ക പോയിട്ടുണ്ട്! മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശിയാണ് കല്ലാക്കല്‍ ബീരാന്‍ കുട്ടി. കൃത്യമായി കണക്കറിയില്ലെങ്കിലും മുന്നൂറോളം ശരീരങ്ങള്‍ പലയിടങ്ങളില്‍ നിന്ന് മുങ്ങിയെടുത്തിട്ടുണ്ടാവുമെന്ന് ഉറപ്പിച്ച് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്തമിഴ്‌നാട്ടിലെ മേട്ടൂര്‍പവര്‍ഹൗസിന്റെ ഡാം ചോര്‍ച്ച അക്കൊന്‍ പോയ തൊക്കെ ഇന്നും ബീരാന്‍ കുട്ട്യാക്കക്ക് ആവേശം പകരുന്ന ഓര്‍മ്മയാണ് .

പഴയ തോണിക്കഥകളൊക്കെ പങ്ക് വെച്ച് പോകാന്‍ നേരം ബീരാന്‍ കുട്ട്യാക്ക പറഞ്ഞു ‘ഇപ്പോള്‍ നിങ്ങളടുത്ത് തന്നെ ആളും മുങ്ങാനുള്ളസാധനങ്ങളുമൊക്കെ ഉണ്ടെന്നറിയാം എന്നാലും ഞാന്‍ പോയടത്തെവിടെയും ഇത് വരെ മയ്യത്ത് വെള്ളത്തില്‍ നിന്ന് കിട്ടാതിരിന്നിട്ടില്ല, അങ്ങനൊരു നസീബ് എനിക്ക് പടച്ചോന്‍ തന്നിട്ടുണ്ട് അതാണ് ഞാന്‍ ഇപ്പഴും വിളിച്ചാല്‍ ചെല്ലുന്നത്’

സത്യം! മുങ്ങി മരിച്ച പാലപ്പറ്റ സ്വദേശി ലിബിന്‍ മുഹമ്മദിന്റെ മൃതദേഹം മലപ്പുറം ജില്ലാ സ്‌കൂബാ ടീം അംഗങ്ങളായ അയ്യൂബ് ഖാനും മുജീബും ഹബീബ് റഹ്മാനും ചേര്‍ന്ന് മുങ്ങിയെടുത്ത് കരക്കെത്തിച്ചു. ഇത് പോലെ ചില മനുഷ്യരുണ്ട് ഭൂമിയില്‍ മല്‍സ്യങ്ങളെ പോലെ ജലത്തിലെ ‘ഓക്‌സിജന്‍ ശ്വസിച്ച് ‘സഹജീവി യുടെ മൃതദേഹത്തിന് തന്റെ ജീവനെക്കാള്‍ വില കല്‍പ്പിക്കുന്നവര്‍…
ഈ പ്രായത്തിലും തനിക്ക് ദൈവം തന്നതെന്ന് വിശ്വസിക്കുന്ന ‘നസീബ്’ പോലും ലോകത്തിന്റെ നന്മക്കായി ഉപയോഗിച്ച് നിര്‍വൃതിയടയുന്ന
പുണ്യജന്മങ്ങള്‍….

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!