HIGHLIGHTS : Abdul Rahim, a native of Farooq, will remain in prison in the case of not being granted absolution; Riyadh Criminal Court adjourns the case to May 5
– അക്ബര്‍ പൊന്നാനി –
ജിദ്ദ: വധശിക്ഷ ഒഴിവായികിട്ടിയിട്ടും ജയില്‍ മോചനം ലഭിക്കാതെ റിയാദിലെ തടവറയില്‍ കഴിയുന്ന മലയാളിയുടെ കേസിന് ഇന്നും ശാപമോക്ഷമായില്ല. 19 വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന കോഴിക്കോട്, ഫറോക്ക്. കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതായി തിങ്കളാഴ്ച്ച രാവിലെ സീറ്റിങ് ആരംഭിച്ച ശേഷം റിയാദിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ഇത് പതിനൊന്നാമത്തെ തവണയാണ് റഹീം കേസ് മാറ്റിവെക്കുന്നത്.
സൗദി അറേബ്യയില്‍ ഒരു സ്വദേശി ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പത്തൊമ്പത് കൊല്ലങ്ങളായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. തടവറയില്‍ നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനായ സിദ്ധീഖ് തുവൂരും ഓണ്‍ലൈനായി കോടതി സിറ്ററിംഗില്‍ പങ്കെടുത്തെങ്കിലും അന്തിമ വിധി പുറപ്പെടുവിക്കുന്നത് കോടതി മെയ് അഞ്ചിലേക്ക് മാറ്റിവെക്കുകയായിരുന്നു.
മോചനം സംബന്ധിച്ച വാര്‍ത്ത ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസ ലോകമെങ്കിലും ഇന്നും നിരാശയാണ് ഫലം. കേസില്‍ പൊതുജനാവകാശങ്ങളുമായി ബന്ധപ്പെട്ട വശങ്ങള്‍ ഉള്ളതിനാല്‍ അക്കാര്യത്തിലുള്ള കോടതി നടപടികളുടെയും നീതിന്യായ ചട്ടങ്ങളുടെയും പാലനം പൂര്‍ത്തിയാവേണ്ടതുണ്ടെന്നും അതിനാലാണ് അന്തിമവിധി വൈകുന്നതെന്നും സൗദി നിയമവ്യവസ്ഥയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മെയ് അഞ്ചിന് അന്തിമ വിധി ഉണ്ടാകുമെന്ന സൂചനയും തെളിഞ്ഞിട്ടുണ്ട്.
2006 ല്‍ അബ്ദുല്‍ റഹീമിന്റെ പരിചരണത്തിനിടെ സ്വന്തം സ്പോണ്‍സറുടെ ചലനശേഷിയില്ലാത്ത പതിനഞ്ചുകാരനായ മകന്‍ മരിക്കാന്‍ ഇടയായ കേസിലാണ് അബ്ദുല്‍ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്.
ഇസ്ലാമിക ശരീഅത്ത് പ്രകാരം ശിക്ഷ ഇളവ് ചെയ്യാന്‍ ഇരയുടെ ബന്ധുക്കള്‍ക്ക് മാത്രമാണ് അധികാരം. അത് പ്രകാരം അവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടത് 34 കോടിയോളം രൂപയ്ക്ക് തുല്യമായ സംഖ്യ ആയിരുന്നു. മലയാളികളുടെ ജീവകാരുണ്യ ബോധം ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ സംഖ്യ റെഡി – തുല്യതയില്ലാത്ത ജീവന്‍രക്ഷാ ഫണ്ട് ശേഖരണം. സംഖ്യ മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കൈമാറുകയുണ്ടായി. ഇതുപ്രകാരം ജൂലായ് രണ്ടിന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കുകയും ചെയ്തു.
ബ്‌ളഡ് മണിയായി 34 കോടി രൂപക്ക് തുല്യമായ സൗദി റിയാല്‍ സ്വീകരിച്ച് കൊല്ലപ്പെട്ട ബാലന്റെ കുടുംബം റഹീമിന് മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ചെങ്കിലും സൗദി നീതിന്യായ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ ജയില്‍ മോചനം ഇപ്പോഴും തുടരുകയാണ്. ഇത്രയും സംഖ്യ സ്വരൂപിച്ചതിലൂടെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മലയാളികള്‍ അതുല്യമായ അതിശയം സൃഷ്ടിക്കുകയാണുണ്ടായത്.
അതിനിടെ, ഒക്ടോബറില്‍ അബ്ദുല്‍ റഹീമിന്റെ വൃദ്ധ മാതാവ് ബന്ധുവിനോടൊത്ത് റിയാദിലെത്തി മകനെ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന്, ഇന്ത്യന്‍ എംബസി അധികൃതരുമായും വിഷയത്തില്‍ സജീവമായി രംഗത്തുള്ള സന്നദ്ധ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് കേസിന്റെ അവസ്ഥ വിശദമായി മനസ്സിലാക്കിയിരുന്നു. ഉംറ കര്‍മത്തിന് ഉള്‍പ്പെടെ പതിനാറ് ദിവസം സൗദിയില്‍ തങ്ങിയ മാതാവും ബന്ധുവും മടങ്ങിയ ശേഷം രണ്ടാമത്തെ മാറ്റിവെക്കലാണ് ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു