Section

malabari-logo-mobile

അരങ്ങില്‍ നിറഞ്ഞൊഴുകിയ ആട്ടത്തിന് തിയ്യേറ്ററുകളില്‍ നിറഞ്ഞ കയ്യടി

HIGHLIGHTS : Aattam movie

Movie Review; സൂരജ് 

ആനന്ദ് ഏകര്‍ഷി എന്ന പുതുമഖ സംവിധായകന്റെ നാടകത്തില്‍ നിന്നും സിനിമയിലേക്കുള്ള അരങ്ങേറ്റം ഗംഭീരമായിരിക്കുന്നു. 2024ലെ ആദ്യവെള്ളിയാഴ്ചയില്‍ പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ചത് ആട്ടം തന്നെ. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് തിയ്യേറ്ററുകളില്‍ നിന്നും വരുന്നത്.

sameeksha-malabarinews

‘അരങ്ങ്’ എന്ന നാടക ട്രൂപ്പിനെ കേന്ദ്രീകരിച്ച് നടക്കുന്ന ഈ കഥയിലെ കഥാപാത്രങ്ങളും, അഭിനേതാക്കളും നാടക പ്രവര്‍ത്തകര്‍ തന്നെയാണ്, വളരെ കൃത്യമായി നിലപാടുകള്‍ പറയുന്ന സിനിമക്ക് അതിന്റെ സിനിമാറ്റിക് സ്വഭാവവും, ത്രില്ലും ആദ്യാവസാനം നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

നാടകട്രൂപ്പിലെ അംഗങ്ങളായ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന വിനയ് എന്ന കഥാപാത്രവും, സെറിന്‍ ഷിഹാബ് അവതരിപ്പിക്കുന്ന അഞ്ജലിയും . കലാഭവന്‍ ഷാജോണിന്റെ ഹരിയും പ്രധാന താരങ്ങളെങ്കിലും സിനിമയില്‍ ഇവരടങ്ങിയ 12 പേരും ഒരേ പോലെ സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നു.

നാടകം ജീവവായുവായി സ്വീകരിച്ച ഒരു കൂട്ടം പച്ചയായ മനുഷ്യരുടെ സങ്കേതമാണ് അരങ്. അവരുടെ ഇടയിലേക്ക് അവസാനമായി എത്തുന്ന സെലിബ്രേറ്റിയും സിനിമാ നടനും കൂടിയായ ഹരി. അദ്ദേഹത്തിന്റെ ബന്ധങ്ങളും, സിനിമാ പരിവേഷവും നാടകസംഘത്തിന് കൂടുതല്‍ കളികള്‍ ലഭിക്കാനിടയാക്കുന്നു. ഇത് ഹരിക്ക് ട്രൂപ്പിലെ നിര്‍ണായക സാന്നി
ധ്യമാകാന്‍ സഹായകമാകുന്നു. . എന്നാല്‍ ഇതാകട്ടെ ദീര്‍ഘകാലമായി ഈ ട്രൂപ്പിലുള്ള പ്രധാന വേഷം ചെയ്യുന്ന വിനയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മക്ക് ഇടയാക്കുന്നു. ഇവ വ്യക്തമാകുന്ന സീനുകളിലൂടെയാണ് സിനിമയുടെ തുടക്കം. ഇവരുടെ നാടകം കണ്ട് ഇഷ്ടമാകുന്ന ഹരിയുടെ സുഹൃത്തുക്കളായ ഒരു വിദേശദമ്പതികളുടെ റിസോര്‍ട്ടിലെ ഡിന്നര്‍ പാര്‍ട്ടിയുടെ രാത്രിയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് കഥയിലെ ട്വിസ്റ്റ്. ഈ രാത്രിക്ക് ശേഷം ‘ആട്ടം’ വ്യക്തമായ നിലപാട് പറയുന്ന ശക്തമായ സിനിമയായി മാറുകയാണ്.

ഏറ്റവും സുരക്ഷിതമെന്ന് കരുതുന്നിടത്ത് ഒരു പെണ്‍കുട്ടിക്കെതിരെയുണ്ടാകുന്ന ലൈംഗികാതിക്രമം ഏറെ പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് കരുതപ്പെടുന്ന സമൂഹം എത്രത്തോളം ആണധികാര ഘടനക്കുള്ളില്‍ നിന്നാണ് കൈകാര്യം ചെയ്യുക എന്ന് കാണിച്ചുതരുന്ന ചിത്രം വിചാരണ ചെയ്യുന്നത് ഓരോ പ്രേക്ഷകനെയും കൂടിയാണ്.

സമൂഹത്തില്‍ മുന്നില്‍ നടക്കുന്നുവെന്ന് കരുതപ്പെടുന്ന കലാകരാന്‍മാര്‍ തങ്ങളുടെ അരക്ഷിതമായ അവസ്ഥയില്‍ എത്ര പെട്ടന്നാണ് പ്രലോഭനങ്ങളില്‍ വീണുപോകുന്നതെന്ന് ചിത്രം കാണിക്കുന്നു. എത്ര വേഗത്തിലാണ് പലരും ഇത്രത്തോളം സ്ത്രീവിരുദ്ധരാകാന്‍ പാകപ്പെടുന്നതെന്ന് ചിത്രത്തിലെ ചില വിചാരണകള്‍ നമുക്ക് കാണിച്ചുതരുന്നു. ചെകിടത്തടിച്ച് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നിടത്ത് നായിക പൊട്ടിച്ചിരിച്ചുകൊണ്ട് പ്രതികാരം ചെയ്യുന്നത് എന്ത് മനോഹരമായാണ്. വളരെ വ്യതസ്തമായ ആഖ്യാന ശൈലിയില്‍ കയ്യടക്കത്തോടെ കഥപറയാന്‍ സംവിധായകന് കഴിഞ്ഞു.

ചിത്രത്തിലെ അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് എടുത്തുപറയേണ്ടതാണ്. തമാശക്ക് ശേഷം വിനയ് ഫോര്‍ട്ടിന്റെ ഏറെ ശ്രദ്ധിക്കപെടുന്ന വേഷമാണിത്. സൂക്ഷമാഭിനയത്തിലൂടെ തന്റെ കയ്യില്‍കിട്ടിയ കഥാപാത്രത്തെ വിനയ് ഫോര്‍ട്ട് മികവുറ്റതാക്കിയിരിക്കുന്നു. വിനയ് എന്ന കഥാപാത്രത്തിന് വിവിധങ്ങളായ ഭാവങ്ങളിലൂടെയാണ് കടന്നുപോകേണ്ടത്. അത് സമര്‍ത്ഥമായി പ്രതിഫലിപ്പിക്കാന്‍ വിനയ് ഫോര്‍ട്ടിന് കഴിഞ്ഞിട്ടുണ്ട്.

അഞ്ജലി എന്ന ശക്തമായ കഥാപാത്രം സെറിന്‍ ഷിഹാബിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

കൂടാതെ നാടകപ്രവര്‍ത്തകരായ 9 പുതമുഖങ്ങളുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം അവസ്മരണീയമാക്കിതീര്‍ക്കാന്‍ സാധിച്ചതില്‍ അവര്‍ക്കേറെ അഭിമാനിക്കാം. ഗൗരവതരമായ വിഷയം പറയുമ്പോളും രസകരമായ ബ്ലാക്ക് ഹ്യൂമര്‍കൊണ്ട് സമ്പന്നമാണ് ‘ആട്ടം’. കെ.ജി ജോര്‍ജ്ജിന്റെ യവനികക്ക് ശേഷം ശക്തമായി നാടകത്തിനുള്ളിലെ നാടകം പറയുന്ന ഈ ചിത്രം 2024ലെ ആദ്യഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു.

2023 ലെ കേരള അന്താരഷ്ട്ര ചലചിത്രോത്സവത്തില്‍ മികച്ച ചലചിത്രമായി തെരഞ്ഞെടുത്തത് ആട്ടത്തെയായിരുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോ. അജിത് ജോയ് ആണ് ആട്ടം നിര്‍മ്മിച്ചരിക്കുന്നത്. അനിരുദ്ധ് അനീഷ് ചിത്രത്തിന്റെ ഛായാഗ്രഹണവും, മഹേഷ് ഭുവേനേന്ദ് എഡിറ്റിങും, രംഗനാഥ് രവി ശബ്ദസംവിധനവും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം ബേസില്‍ സിജെയുടേതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!