രോഗത്തിനുമുന്നില്‍ അതിര്‍ത്തികളില്ല. മരണത്തിനു മുന്നില്‍ ദേശീയതയുമില്ല. ജാഗ്രത വേണം

എഴുത്ത് വി. കെ ജോബിഷ്

ജീവന്റെ ഭൂപടത്തില്‍ നിന്ന് ഒരു ഡോക്ടര്‍ കൂടി

ഒസാമ റിയാസ്.
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മരിക്കുന്ന ആദ്യത്തെ പാക്കിസ്ഥാനി യുവ ഡോക്ടര്‍. ഇറാനില്‍ നിന്നും ഇറാക്കില്‍ നിന്നും സ്വന്തം ദേശത്തേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന പ്രവാസികളെയും തീര്‍ത്ഥാടകരെയും തന്റെ ജീവന്‍പോലും അവഗണിച്ച് തുടര്‍ച്ചയായി ചികിത്സിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇരുപത്താറുകാരനായ ഒസാമ മരണത്തിനു കീഴടങ്ങിയത്. അര്‍ദ്ധരാത്രിയിലുള്‍പ്പെടെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവര്‍ക്കൊക്കെ ആശ്വാസം നല്‍കിക്കൊണ്ട് ഈ കൊറോണക്കാലത്ത് ഉസാമ തുടര്‍ച്ചയായി ഡ്യൂട്ടിയിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു മടങ്ങിയ ഒസാമ ‘താന്‍ ക്ഷീണിതനാണെന്നും ഉറങ്ങാന്‍ പോവുകയാണെന്നും’ പറഞ്ഞ് സ്വന്തം മുറിയിലേക്ക് പോയതായിരുന്നു.പക്ഷെ പതിവുപോലെ രാവിലെ ഉണര്‍ന്നില്ല.കരുണയുടെ ഒരധ്യായം കൂടി തീര്‍ന്നു. ഭൂമിയില്‍ ഇപ്പോഴവശേഷിക്കുന്നവരെല്ലാം ഇതുപോലുള്ള മനുഷ്യരോട് എക്കാലവും കടപ്പെട്ടിരിക്കും. മരിച്ചുപോയ ഈ ധീരന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ആ നാട് ഇപ്പോള്‍ മരവിച്ചു നില്‍ക്കുകയാണ്.
അവരുടെ സങ്കടങ്ങള്‍ക്കൊപ്പം ഈ ഒരറ്റത്തു നിന്നും നമുക്കും ചേര്‍ന്നു നില്‍ക്കാം. ഒസാമറിയാസിന് ആദരവ്.

രോഗത്തിനുമുന്നില്‍ അതിര്‍ത്തികളില്ല. മരണത്തിനു മുന്നില്‍ ദേശീയതയുമില്ല. അവ എല്ലാറ്റിനു മുകളിലൂടെയും പടര്‍ന്നു കൊണ്ടിരിക്കയാണ്.എല്ലാ നാടും ശവഗന്ധങ്ങള്‍ കൊണ്ട് നിറയുകയാണ്.ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരുപാട് ആരോഗ്യ പ്രവര്‍ത്തകര്‍ ഒസാമയെപ്പോലെ കൊറോണയ്ക്ക് കീഴടങ്ങി മരണപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അത് ഏറ്റവും ഭീതിയുളവാക്കുന്നതാണ്.ഇപ്പോള്‍ നമ്മുടെ ഒരാളുടെ ജീവനേക്കാള്‍ എത്രയോ വിലപ്പെട്ടതാണ് ഒസാമയെപ്പോലുള്ളവരുടെ ജീവനുകള്‍.ഡോക്ടര്‍മാരും നഴ്‌സുമാരും നാടിന്റെ കാവലാളുകളാണ്.നിസ്സഹായരായി ആശുപത്രികളിലേക്കെത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് അവര്‍ ആശ്രയമാണ് ആശ്വാസമാണ്. അവരുടെ എണ്ണം കുറക്കാതിരിക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്. നാളെ നമ്മുടെ നാട്ടില്‍ ഒരു ഒസാമ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ നാം വീടുകളിലിരുന്നേ പറ്റൂ. ഇറ്റലിയില്‍ ഇന്നലെയും 602 ആളുകള്‍ മരണപ്പെട്ടു എന്ന് ഈ പുലര്‍ച്ചെ നാം വായിക്കുന്നുണ്ട്. ഓരോ ദിവസവും മരണത്തിന്റെ ആഴങ്ങളിലേക്കാണ് പടികളിറങ്ങിപ്പോകുന്നത്. എന്നിട്ടും നമ്മുടെ നാട് ഇപ്പോഴും നിശ്ശബ്ദമല്ല. ഇനിയും ചിലര്‍ ആള്‍ക്കൂട്ടങ്ങളായി തെരുവിലുണ്ട്.!
സര്‍ക്കാര്‍ ഒപ്പമല്ല. മുന്നിലുണ്ടെന്നു തന്നെയാണ്. പക്ഷെ നമ്മള്‍ ഓരോരുത്തരും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശ്മശാനങ്ങളിലേക്കെടുത്തെറിയപ്പെടുന്ന ഒരു വംശമായി നമ്മളും അവസാനിച്ചേക്കാം. ഇനിയും നമ്മള്‍ അലസമായി ഇറങ്ങിനടക്കുകയാണെങ്കില്‍ ഭാവിയില്‍
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, മനുഷ്യരല്ലാത്ത മറ്റ് ജീവജാലങ്ങളും മാത്രമായി കേരളത്തില്‍ നിന്നുള്ള കാഴ്ചകളും മാറിയേക്കാം

Related Articles