
പന്തീരാങ്കാവ് : ഒളവണ്ണ കയറ്റി തറയിൽതൊടി താഴത്ത് വീട്ടുപറമ്പിലെ മരത്തിൽ കെട്ടിത്തൂക്കിക്കൊന്ന നിലയിൽ കണ്ട പൂച്ചയുടെ പോസ്റ്റ്മോർട്ടം നടത്തി. നല്ലളം പൊലീസിന്റെ അഭ്യർഥനയിൽ തിരുവണ്ണൂർ മൃഗാശുപത്രി സർജൻ ഡോ. സംഗീതയാണ് സംഭവസ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടി പൂർത്തീകരിച്ചത്. ബുധൻ രാവിലെയാണ് മാനാടത്ത് ശോഭനയുടെ വീട്ടുപറമ്പിലെ തേക്ക് മരത്തിൽ പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.
പൊലീസ് നടത്തിയ പരിശോധനയിൽ മരണവെപ്രാളത്തിൽ പൂച്ച മരത്തിൽ മാന്തിയ പാടുകളും കണ്ടെത്തിയിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് പൂച്ചയുടെ ജഡത്തിന് രാത്രി മുഴുവൻ കാവലും ഏർപ്പെടുത്തി. കേസ് അന്വേഷിക്കുന്ന നല്ലളം എസ്ഐ വർഷമധു, സജീഷ് തുടങ്ങിയവരുൾപ്പെട്ട സംഘം വ്യാഴം രാവിലെയെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. റിപ്പോർട്ട് കേസന്വേഷണത്തിൽ നിർണായകമാകും.
മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തി മാതൃകാ പരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




