HIGHLIGHTS : A petition has been submitted to the minister demanding a solution to the deplorable condition of the Anjapura Kovilakam road.
പരപ്പനങ്ങാടി : നഗരസഭയിലെ അഞ്ചപ്പുര മുതല്‍ കോവിലകം റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കി.
നഗരസഭയിലെ 38, എട്ട്, നാല്,19 എന്നീ ഡിവിഷനുകളിലായി സ്ഥിതിചെയ്യുന്ന റോഡ് ഭൂരിഭാഗവും പൊട്ടി പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ട് വഴിനടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അഞ്ചപ്പുര മുതല്‍ കോഴിക്കോട് – ചേളാരി ഭാഗത്ത് ചെട്ടിപ്പടി ആനപ്പടിയിലാണ് ഈ റോഡ് കൂടിചേരുന്നത്. ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡ് യാത്രചെയ്യാന്‍ കഴിയാത്തവിധം വര്‍ഷങ്ങളായി തകര്‍ന്ന നിലയിലാണ്. പ്രദേശത്തെ നാലോളം വിദ്യാലയങ്ങളും പഴയതെരു മഹാഗണപതി ക്ഷേത്രം, പൊല്‍പ്പായില്‍ ശിവക്ഷേത്രം, ഹരിപുരം മഹാവിഷ്ണു ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും ഈ പാതയോരത്താണ് സ്ഥിതിചെയ്യുന്നത്. ഈ റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് യാത്ര അത്യന്തം ദു:ഷ്‌ക്കരവുമാണ്.
ചെട്ടിപ്പടി, പരപ്പനങ്ങാടി, കൊടക്കാട്, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാര്‍ത്ഥികള്‍ക്കും ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തര്‍ക്കും റോഡിന്റെ ഈ ദുരവസ്ഥകാരണം ഏറെ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ഓവുചാലുകള്‍ ഇല്ലാത്തതിനാല്‍ മഴക്കാലത്ത് റോഡ് വെള്ളത്തിലാകും. റോഡുംകുഴിയും തിരിച്ചറിയാനാവാതെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്.
ചെട്ടിപ്പടിയിലെ ആനപ്പടി റെയില്‍വേ ഗേറ്റ് ഏറെനേരം അടച്ചിടുന്നതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ഉള്‍പ്പടെ രോഗികളുമായി പോവുന്ന ആംബുലന്‍സും മറ്റു യാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ തകര്‍ന്നടിഞ്ഞ ഈ റോഡിലൂടെ രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏറെ സമയമെടുക്കേണ്ടിവരുന്നുണ്ട്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും അപകടവും ഏറെയാണ്.
റോഡിന്റെ ഈ ശോചനീയാവസ്ഥ കാരണം പ്രദേശവാസികള്‍ ഏറെ പ്രയാസം നേരിടുന്നുണ്ട്. നിലവിലുള്ള തകര്‍ന്ന ഈ റോഡ് ഉയര്‍ത്തി ഇരുവശത്തും ഓവുചാലുകള്‍ നിര്‍മ്മിച്ചും, റോഡും ഓവുചാലും തമ്മിലുള്ള വിടവ് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചും നവീകരിച്ച് പ്രദേശത്തെ ജനങ്ങളുടെയും, വിദ്യാര്‍ത്ഥികളുടെയും, ക്ഷേത്ര ഭക്തരുടെയും, മറ്റു യാത്രക്കാരുടെയും വര്‍ഷങ്ങളായുള്ള പ്രയാസങ്ങള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സി.പി.ഐ. പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.പി. സക്കരിയ്യ കേയി നിവേദനത്തില്‍ ആവശ്യപ്പെട്ടു .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു