താനൂരിലും പരിസര പ്രദേശങ്ങളിലും മോട്ടോര്‍ സൈക്കിള്‍, തേങ്ങ , മോട്ടോര്‍ പമ്പ് പമ്പ് സെറ്റുകള്‍ എന്നിവ മോഷണം നടത്തുന്ന നാല്‍വര്‍ സംഘം പോലീസിന്റെ പിടിയില്‍. താനൂരിലും പരിസര പ്രദേശങ്ങളിലും പല വീടുകളിലെയും പറമ്പുകളിലെയും മോട്ടോര്‍ പമ്പുസെറ്റുകളും , തേങ്ങകളും, ഒരു മോട്ടോര്‍ സൈക്കിളും മോഷണം നടത്തിയ നാല്‍വര്‍ സംഘത്തെയാണ് താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കടന്റെ നിര്‍ദേശ പ്രകാരം താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണലാല്‍ ആര്‍ ഡി എ എസ് ഐ ജയകൃഷ്ണന്‍, സിപിയോ മാരായ സലേഷ്, കൃഷ്ണ പ്രസാദ്, ലിബിന്‍, സുജിത്, മോഹനന്‍, നിഷ സതി എന്നിവരടങ്ങിയ പോലീസ് സംഘം സാഹസികമായി പിടികൂടിയത്. താനൂര്‍ റായിന്‍ കാനകത്തു വീട് മുഹമ്മദ് ശിബിലി (18), ഒസ്സാന്‍ കടപ്പുറം ചോപ്പം കടവത് ഷംനാസ് (19), താനൂര്‍ ചുണ്ടന്റെ പുറക്കല്‍ മുഹമ്മദ് സുഹൈസ് (19), താനൂര്‍ കോയന്റെ പുരക്കല്‍ അഫ്തബ് റെഹ്‌മാന്‍ (19), എന്നിവരെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ചെള്ളികാട്ടില്‍ കുമാരന്‍ എന്നയാളുടെ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 600 കൊട്ട തേങ്ങയും ജ്യോതി വളവിലെ കോളനി റോഡിലെ ഒരു വീട്ടില്‍ നിന്നും മോട്ടോര്‍ പമ്പ് സെറ്റും കുണ്ടുങ്ങല്‍ പണി തീരാത്ത വീട്ടില്‍ സ്ഥാപിച്ച മോട്ടോറും ഒലിവ് ഓഡിറ്റോറിയത്തിനടുത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളും കളവു ചെയ്തു കൊണ്ടുപോയി പ്രതികള്‍ വില്പന നടത്തുകയായിരുന്നു. മോട്ടോര്‍ സൈക്കിള്‍ മൂച്ചിക്കല്‍ ഉള്ള പോളിമാര്‍കെറ്റില്‍ 3500 രൂപക്ക് വില്പന നടത്തി. തേങ്ങകള്‍ ചിറക്കല്‍ ഉള്ള തേങ്ങ കടയിലും മോട്ടോര്‍ പമ്പ് സെറ്റുകള്‍ അയ്യപ്പന്‍കാവിലുള്ള കടയിലും പ്രതികള്‍ വില്പന നടത്തി.
നാലു മോഷ്ടാക്കളും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും കളവു മുതലുകള്‍ വിറ്റു കിട്ടുന്ന പണം പ്രതികള്‍ ബാറിലും മയക്കുമരുന്നിനും വേണ്ടി ഉപയോഗിക്കുകയാണെന്നും പോലീസ് പറഞ്ഞു.




