HIGHLIGHTS : A colorful start to the Kerala School Sports Fair
കായിക കേരളത്തിന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി കേരള സ്‌കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ വര്‍ണാഭമായ തുടക്കം.എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ വേദിയില്‍ പതിനാല് ജില്ലകളില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. സ്റ്റേഡിയത്തില്‍ നടന്ന ദീപശിഖാപ്രയാണത്തില്‍ പാലക്കാട് ജിഎംജി ഹയര്‍സെക്കന്ററി സ്‌കൂളിലെ എസ്. സായന്ത്, മുരിക്കുംവയല്‍ വി.എച്ച്.എസ്.സി.യിലെ ജ്യുവല്‍ തോമസ്, കണ്ണൂര്‍ സ്‌പോര്‍ട്ട്‌സ് സ്‌കൂളിലെ അഖില രാജന്‍, കണ്ണൂര്‍ സ്‌പോര്‍ട്ട്‌സ് ഡിവിഷനിലെ ശ്രീജി ഷാജി, സവിശേഷ പരിഗണന അര്‍ഹിക്കുന്ന എസ്. യശ്വിത, അനു ബിനു എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇവരില്‍ നിന്നും മേളയുടെ ബ്രാന്‍ഡ് അംബാസിഡറായ ഒളിമ്പ്യ9 പി. ആര്‍. ശ്രീജേഷ് ദീപശിഖ ഏറ്റുവാങ്ങി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പി. ആര്‍ ശ്രീജേഷും വേളി ഇ.എം.എച്ച്.എസ്സിലെ സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായികതാരമായ ശ്രീലക്ഷ്മിയും ചേര്‍ന്ന് ദിപശിഖ തെളിയിച്ചു. ശ്രീജി ഷാജി കായികതാരങ്ങള്‍ക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മേളയോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം ചലചിത്രതാരം മമ്മൂട്ടി നിര്‍വ്വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ പി. വി. ശ്രീനിജിന്‍, എല്‍ദോസ് കുന്നപ്പിള്ളില്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ഉമ തോമസ്, കെ.ജെ. മാക്സി, കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജീവന്‍ ബാബു, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ആര്‍. കെ. ജയപ്രകാശ്, സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എ. ആര്‍. സുപ്രിയ, കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത്ത്, മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എസ്. ഷാജില ബീവി, പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി. എ. സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ സി. എസ്. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം നാലായിരത്തിലധികം കുട്ടികള്‍ അണിനിരന്ന സാംസ്‌കാരിക പരിപാടികള്‍ നടന്നു. പിടി ഡിസ്പ്ലേ, കലസ്തെനിക്സ്, എയ്റോബിക്സ്, സൂംബ, അത്തച്ചമയം, ക്വീന്‍ ഓഫ് അറേബ്യന്‍ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവ അണിനിരന്നു.
ചരിത്രത്തില്‍ ആദ്യമായി രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരും. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. മീറ്റിന്റെ പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിലാണ് ഇന്‍ക്ലൂസീവ് മത്സരങ്ങള്‍ നടക്കുക. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍ മത്സരങ്ങളാണ് ഇന്‍ക്ലൂസീവ് വിഭാഗത്തിലുള്ളത്. ജില്ലയിലെ മറ്റ് 16 വേദികളിലായി ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍, ജൂഡോ, ഫുട്‌ബോള്‍ ത്രോ ബോള്‍, സോഫ്റ്റ് ബോള്‍ വോളിബോള്‍, ഹാന്‍ഡ് ബോള്‍, നീന്തല്‍ മത്സരങ്ങളും ആദ്യ ദിവസം നടക്കും. മത്സരങ്ങള്‍ക്ക് അര മണിക്കൂര്‍ മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം മത്സരാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. ആദ്യ ദിവസം എട്ട് ഫൈനല്‍ മത്സരങ്ങളാണ് നടക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു