76-ാമത് റിപ്പബ്ലിക് ദിനം: വ്യത്യാസങ്ങള്‍ക്കിടയിലും ഏവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മുന്നേറുകയും ചെയ്യണമെന്ന് ഗവര്‍ണര്‍

എല്ലാ വ്യത്യാസങ്ങള്‍ക്കിടയിലും ഏവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മുന്നേറുകയും ചെയ്യണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്, മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. പക്ഷേ സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും ഒരുമിച്ച് മുന്നേറാന്‍ സാധിക്കും. കേരളത്തെ കുറിച്ചു സംസാരിക്കുമ്പോള്‍ അഭിമാനമാണെന്നും സംസ്ഥാനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. വികസിത കേരളം ഇല്ലാതെ ഒരു വികസിത ഇന്ത്യ സാധ്യമല്ല എന്നും കേരളം അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളം സമ്പൂര്‍ണ്ണ സാക്ഷരതയുറപ്പാക്കിയ സംസ്ഥാനമാണെന്നത് അഭിമാനകരമാണെന്നും രാജ്യത്ത് ഒട്ടനവധി സൂചകങ്ങളില്‍ കേരളം ഒന്നാമതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പത്മ പുരസ്‌കാരങ്ങള്‍ നേടിയ മലയാളികള്‍ക്കും ഗവര്‍ണര്‍ അഭിനന്ദനമറിയിച്ചു.

1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. തുടര്‍ന്ന്, 1950ല്‍ ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ നമ്മുടെ ഭരണഘടന നിലവില്‍ വന്നു. നമ്മുടെ ഭൂതകാലത്തെക്കുറിച്ചും, ഭാവിയെ കുറിച്ചും ചിന്തിക്കാന്‍ ഇന്ന് കേരളത്തിലെ എല്ലാ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. അടുത്ത 20-25 വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

റിപ്പബ്ലിക് ദിനമായ ഇന്ന് നാടിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരെ ഓര്‍ക്കാമെന്നും ഏവരും ഐക്യത്തോടെ നിലകൊണ്ടാല്‍ രാജ്യം മഹത്തരമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എ എ റഹിം എംപി, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, കളക്ടര്‍ അനു കുമാരി മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top