HIGHLIGHTS : 75-year-old's death suspected of murder; Investigation intensified
വേങ്ങര: മാട്ടില്‍പള്ളി കരുവേപ്പില്‍ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാ (ഇപ്പു 75) നെ വീടിനടുത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹത്തില്‍ പലയിടത്തായി പരിക്കുകളും ചില സാഹചര്യ തെളിവുകളും കാരണം കൊലപാതകമാകാമെന്ന നിഗമനത്തിലാണ് അന്വേഷക സംഘം.
അബ്ദുറഹിമാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചിലരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തതായാണ് വിവരം. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അബ്ദുറഹിമാനെ സ്വന്തം വീട്ടുവളപ്പിലെ വേങ്ങര പാടത്തോട് ചേര്‍ന്നുകിടക്കുന്ന കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കുളത്തില്‍ ആറ് മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. നാട്ടുകാരെത്തിയാണ് മൃതദേഹം കരക്ക് കയറ്റിയത്. മുങ്ങല്‍ വിദഗ്ധരെത്തി നടത്തിയ പരിശോധനയില്‍ അബ്ദുറഹിമാന്റെ ഫോണ്‍ കണ്ടെടുത്തു.

മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍, വേങ്ങര എസ്എച്ച്ഒ എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.
സംഭവ ദിവസം അബ്ദുറഹിമാന്റെ വീട്ടില്‍ കിടപ്പുരോഗിയായ ഭാര്യയും ഭിന്നശേഷിക്കാരനായ മകനും ഇയാളുടെ ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. തലേന്ന് രാത്രി 9.30ഓടെ അബ്ദുറഹിമാന്‍ ഡ്രൈവറുമൊന്നിച്ച് വീട്ടിലേക്ക് പോകുന്നതായി കണ്ടെന്ന സാക്ഷിമൊഴികളുള്ളതായും സൂചനയുണ്ട്. കുളത്തിന്റെ പരിസരത്തേക്ക് പോകാന്‍ ഒരുതരത്തിലും സാധ്യതയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പുറത്തെടുത്തപ്പോള്‍ നാവ് കടിച്ചിരുന്നതായും പറയപ്പെടുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു