Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 54,426 കുട്ടികള്‍: പാഠപുസ്തക വിതരണം 81 ശതമാനം പൂര്‍ത്തിയായി

HIGHLIGHTS : In Malappuram district 54,426 students got admission in first class: Textbook distribution is 81 per cent complete

മലപ്പുറം: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്താകമാനം ഓണ്‍ലൈനായുള്ള പ്രവേശനോത്സവം നടത്തുമ്പോള്‍ ജില്ലയില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി പൊതു വിദ്യാഭ്യാസം ആരംഭിക്കുന്നത് 54,426 വിദ്യാര്‍ത്ഥികള്‍. ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തുന്നതിന് ജില്ലയില്‍ എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായി. പ്രവേശനോത്സവത്തിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും തുടക്കമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം പറഞ്ഞു.

മുന്‍ വര്‍ഷത്തെ പോലെ ഇത്തവണയും ജില്ലയില്‍ ഒന്നാം തരത്തിലേക്ക് 70,000 പുതിയ കുട്ടികള്‍ എത്തുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. കോവിഡ് സാഹചര്യമായതിനാലുള്ള പ്രയാസങ്ങള്‍ ഇല്ലാതായാല്‍ വിദ്യാര്‍ത്ഥി പ്രവേശന നിരക്കിലും വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളാലുള്ള പരിമിതികള്‍ക്കിടയിലും ജില്ലയില്‍ 81 ശതമാനം സ്‌കൂള്‍ പാഠപുസ്തക വിതരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 48,88,551 പാഠപുസ്തകങ്ങളാണ് ജില്ലയിലേക്ക് ആവശ്യം. ഇതില്‍ 39,15,333 പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ സഹകരണ സംഘങ്ങള്‍ മുഖേന സ്‌കൂളുകളിലെത്തിച്ചാണ് പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ സന്ദേശം അടങ്ങിയ കാര്‍ഡുകളും ഒന്നാം തരം വിദ്യാര്‍ത്ഥികളുടെ കൈകളിലേക്കെത്തിച്ചിട്ടുണ്ട്.

sameeksha-malabarinews

എറണാകുളത്തെ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയ്ക്ക് കീഴിലെ അച്ചടി കേന്ദ്രത്തില്‍ നിന്നാണ് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ജില്ലയിലേക്കെത്തുന്നത്. ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ പുസ്തകങ്ങള്‍ എറണാകുളത്ത് നിന്ന് എത്തിക്കുന്നതിലും ജില്ലയില്‍ വിതരണം ചെയ്യുന്നതിലും പ്രയാസം നേരിട്ടിരുന്നെങ്കിലും ഒരാഴ്ചയ്ക്ക് മുമ്പ് തന്നെ പ്രത്യേക അനുമതിയോടെ വിതരണം പുനരാരംഭിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വര്‍ഷത്തിന് സമാനമായി സമയബന്ധിതമായി തന്നെയാണ് ഈ അധ്യയന വര്‍ഷത്തിലും പാഠപുസ്‌കങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്. പുസ്തകങ്ങള്‍ക്ക് പുറമെ ഭക്ഷ്യധാന്യകിറ്റ്, യൂനിഫോം, അരി എന്നിവയും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത്. സെപ്തംബര്‍ മുതലുള്ള ഭക്ഷ്യഭദ്രത കിറ്റിന്റെ വിതരണമാണ് തുടരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!