തിരൂരങ്ങാടി നഗരസഭയില്‍ വിവിധ പദ്ധതികളിലൂടെ 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി ഒരുങ്ങുന്നു. കല്ലക്കയം ശുദ്ധജല പദ്ധതിയില്‍ അന്തിമഘട്ടത്തിലെത്തിയ പത്ത് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് പുറമെ സ്റ്റേറ്റ് പ്ലാനില്‍ 14 കോടി രൂപയുടെ കല്ലക്കയം രണ്ടാം ഘട്ട പ്രവൃത്തികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു തുടങ്ങി. നഗരസഞ്ചയം പദ്ധതിയില്‍ നാല് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെമ്മാട് ടാങ്കിലേക്ക് പുതിയ പമ്പിങ് മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനു ഒന്നര കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് നേരിട്ട് ലൈന്‍ വലിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെന്‍ഡറും ക്ഷണിച്ചിട്ടുണ്ട്. കല്ലക്കയത്തു നിന്നും പുതിയ പമ്പിങ് മെയിന്‍, ട്രാന്‍സ്ഫോര്‍മര്‍, മറ്റു സജ്ജീകരണങ്ങള്‍, റോഡ് പുനരുദ്ധാരണം. ജലസംഭരണി തുടങ്ങിയവ അമൃത് പദ്ധതിയില്‍ നടപ്പാക്കും.വിവിധ പദ്ധതികളിലായി കരിപറമ്പ് (10 ലക്ഷം ലിറ്റര്‍സംഭരണശേഷി )ചന്തപ്പടി (9 ലക്ഷം ലിറ്റര്‍ സംഭരണ ശേഷി ) കക്കാട് (9 ലക്ഷം ലിറ്റര്‍ സംഭരണ ശേഷി )എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍ നിര്‍മിക്കും. എട്ട് ലക്ഷം രൂപയുടെ സമഗ്ര കുടിവെള്ള സര്‍വേയും പൂര്‍ത്തിയാവുന്നു. കല്ലക്കയത്ത് പ്രതിദിനം 72 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ഇതിനു പുറമേ പുതിയ പമ്പിങ് മെയിന്‍ ലൈനുകള്‍, വിതരണ ശൃംഖലകള്‍, മോട്ടോറുകള്‍ തുടങ്ങിയവ ഇതിനകം അനുമതി ലഭിച്ച വിവിധ ഫണ്ടുകളിലൂടെ യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കല്ലക്കയം പദ്ധതിയിലെ പുതിയ കിണറില്‍ നിന്നും ഈ മാസം വെള്ളം പമ്പിങ് തുടങ്ങും. ബാക്കികയത്ത് പുതിയ കിണര്‍ നിര്‍മിക്കും. ഇവിടെ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും നടപടിയായി. ബാക്കികയം വെന്നിയൂര്‍ മേഖലയില്‍ പ്ലാന്റിന് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിനാണ് നഗരസഭ ഊന്നല്‍ നല്‍കുന്നത്. ടെന്‍ഡര്‍ ഭാഗമായുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അമൃത് മിഷന്‍ സംസ്ഥാന ഉന്നതതലയോഗത്തില്‍ നഗരസഭയെ പ്രതിനിധീകരിച്ച് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പങ്കെടുത്തു. അമൃത് പദ്ധതിയില്‍ ജില്ലയില്‍ നിന്നും സമയബന്ധിതമായി പദ്ധതികള്‍ സമര്‍പ്പിച്ച തിരൂരങ്ങാടിയുള്‍പ്പെടെ രണ്ട് നഗരസഭകള്‍ക്ക് മാത്രമാണ് ഭരണാനുമതിയായത്. കെ.പിഎ മജീദ് എം.എല്‍.എയുടെയും തിരൂരങ്ങാടി നഗരസഭ ഭരണസമിതിയുടെയും ഊര്‍ജിതമായ ശ്രമങ്ങളിലൂടെയാണ് വിവിധ അനുമതികള്‍ ലഭിച്ചത്. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ വിവിധ ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. അവലോകന യോഗത്തില്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷനായി. സി.പി സുഹ്റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, എം.സുജിനി, വഹീദ ചെമ്പ, ടി.മനോജ്കുമാര്‍, കെ. അജ്മല്‍, ഇ.നാസര്‍ എന്നിവര്‍ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



