HIGHLIGHTS : 36 people who died in Churalmala and Mundakai landslides have been identified
കല്‍പ്പറ്റ:ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍/ശരീര ഭാഗങ്ങള്‍ സംസ്‌കരിക്കുന്നതിനും ഡി.എന്‍.എ പരിശോധ നയ്ക്കു സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചത്. ഡി.എന്‍.എ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസഥാനത്തില്‍ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
അതെസമയം ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടര്‍ക്ക് നല്‍കിയാല്‍ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് അധികാരം നല്‍കിയിട്ടുണ്ട്.