Section

malabari-logo-mobile

30 യുപി സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായി ഉയര്‍ത്തി.

HIGHLIGHTS : മലപ്പുറം:

മലപ്പുറം: ഹൈസ്‌കൂളുകളായി ഉയര്‍ത്തിയ 30 ഗവ. യുപി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ക്ലാസ് ആരംഭിക്കാന്‍ നിര്‍ദ്ദേശം. ഹൈസ്‌കൂളായി ഉയര്‍ത്തിയ നടപടി റദ്ദാക്കിയതായി കഴിഞ്ഞ ദിവസം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്‌കൂള്‍ പ്രധാനാധ്യാപകരെ അറിയിച്ചിരുന്നു. പ്രവേശന നടപടികള്‍ പൂര്‍ത്തിയായി ക്ലാസ് ആരംഭിക്കാനിരിക്കെയായിരുന്നു സര്‍ക്കാരിന്റെ വിവാദ തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് ക്ലാസുകള്‍ ഈ അധ്യയനവര്‍ഷം ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വാക്കാല്‍ നിര്‍ദേശം നല്‍കിയത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗവും ക്ലാസ് തുടങ്ങാന്‍ അനുമതി നല്‍കി.

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരമുള്ളതാണ് ഈ സ്‌കൂളുകള്‍. കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്തെ 30 ഗവ.യുപി സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ -12, ഇടുക്കി – ആറ്, പാലക്കാട്- മൂന്ന്, വയനാട് – ആറ്, കാസര്‍കോഡ് – മൂന്ന് എന്നീ ജില്ലകളിലാണ് മറ്റ് സ്‌കൂളുകള്‍.

sameeksha-malabarinews

ബുധനാഴ്ചക്കകം ക്ലാസ് തുടങ്ങി വിദ്യാര്‍ത്ഥികളുടെ വിവരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാനാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് സ്‌കൂള്‍ അധികൃതര്‍ എട്ടാക്ലാസില്‍ കുട്ടികളെ ചേര്‍ക്കാന്‍ നടപടി തുടങ്ങി. ഏഴാം ക്ലാസില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് പി ടി എ യുടെ സഹായത്തോടെയാണ് ദ്രുതഗതിയില്‍ കുട്ടികളെ ചേര്‍ത്തിയത്. സമീപത്തെ എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് ടിസി വാങ്ങിയവരാണ് മിക്കവരും സ്‌കൂളുകളില്‍ ചേരാന്‍ തയ്യാറായത്.

ബുധനാഴ്ച ക്ലാസ് ആരംഭിക്കാനിരിക്കെയാണ് എഇഒമാര്‍ സ്‌കൂള്‍ പ്രധാനധ്യാപകരെ ഫോണില്‍ വിളിച്ച് പ്രവേശന നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത്. ഈ വര്‍ഷം ക്ലാസ് തുടങ്ങേണ്ടതില്ലെന്നും അറിയിച്ചു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ വെട്ടിലായി. വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച ക്ലാസില്‍ എത്തിയപ്പോഴാണ് ക്ലാസ് തുടങ്ങാനാവില്ലെന്ന് അറിഞ്ഞത്. ഇതോടെ മിക്ക സ്‌കൂളുകളിലും രക്ഷിതാക്കള്‍ നേരിട്ടെത്തി ബഹളം വെച്ചു. മലപ്പുറം ജില്ലയില്‍ കാളികാവ് ജിയുപിഎസില്‍ അധ്യാപകരെയും പിടിഎ ഭാരവാഹികളെയും സ്‌കൂളില്‍ അടച്ചുപൂട്ടിയാണ് രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്.

രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ സ്‌കൂള്‍ അധികൃതര്‍ വിഷമിക്കുമ്പോഴാണ് വിവാദ തീരുമാനം ഉപേക്ഷിച്ചതായി എഇഒമാര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. ഇതോടെയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ആശ്വാസമായത്. സകൂളുകളില്‍ തൊട്ടടുത്ത ദിവസം തന്നെ ക്ലാസ് തുടങ്ങാനാണ് നിര്‍ദേശം. മുസ്ലീം കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ റമദാന്‍ അവധി കഴിഞ്ഞ ഉടന്‍ ക്ലാസ് തുടങ്ങി കുട്ടികളുടെ എണ്ണമടക്കം വിശദമായ വിവരങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!