*രജതചകോരം ഇറാനിയന്‍ സംവിധായകന്‍ ഫര്‍ഷാദ് ഹാഷ്മിക്ക്
*നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം
തിരുവനന്തപുരം:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയുടെ സംവിധായകന്‍ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. റിയോ ഡി ജനീറോയിലെ തീര്‍ത്തും അരക്ഷിതമായൊരു ചേരിയില്‍ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ ആത്മബന്ധങ്ങളുടെ കഥ പറയുന്നതാണ് ചിത്രം.
മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്’ സിനിമയുടെ സംവിധായകന്‍ ഫര്‍ഷാദ് ഹാഷ്മി അര്‍ഹനായി. നാലു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.എഴുത്തുകാരനും സംവിധായകനും നടനുമായ ഫര്‍ഷാദ് ഹാഷ്മിയുടെ ആദ്യ ചലച്ചിത്രം കൂടിയാണ് ‘മി മറിയം ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അതേര്‍സ്’. ഈ വര്‍ഷത്തെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണിത്. പതിനാലു സിനിമകളാണ് ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഫെമിനിച്ചി ഫാത്തിമ, അപ്പുറം എന്നിവയാണ് ഈ വിഭാഗത്തില്‍ മത്സരിച്ച മലയാള സിനിമകള്‍.
മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെന്‍ ചിത്രം ദ ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സിന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായിക പായല്‍ കപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍,റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍,സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ജേതാവ് പായല്‍ കപാഡിയ, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം,സാംസ്‌കാരിക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ വി എസ് പ്രിയദര്‍ശന്‍, ജൂറി ചെയര്‍പേഴ്സണ്‍ ആഗ്‌നസ് ഗൊദാര്‍ഡ്,അര്‍മേനിയന്‍ സംവിധായകന്‍ സെര്‍ജ് സെര്‍ജ് അവെദികിയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഫെസ്റ്റിവല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി അജോയ്, അക്കാഡമി ജനറല്‍ കൌണ്‍സില്‍ അംഗം സോഹന്‍ സീനു ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




