Section

malabari-logo-mobile

നിപ;സമ്പര്‍ക്ക പട്ടികയില്‍ 257 പേര്‍;പ്രതിരോധത്തിനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം: നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിപ വൈറസ് പ്രതിരോധിക്കാനുള്ള ആക്ഷന്‍...

തിരുവനന്തപുരം: നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിപ വൈറസ് പ്രതിരോധിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം, സാമ്പിള്‍ ടെസ്റ്റ് ആന്റ് റിസള്‍ട്ട് മാനേജ്‌മെന്റ്, സമ്പര്‍ക്ക പരിശോധന, രോഗ ബാധിതര്‍ക്കായുള്ള യാത്ര സംവിധാനത്തിന്റെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങള്‍ കൈകാര്യം ചെയ്യല്‍, വിവര വിശകലനം തുടങ്ങിയവ ചെയ്യാന്‍ ചുമതലപ്പെടുത്തി 16 കമ്മിറ്റികള്‍ രൂപീകരിച്ചു.

സമ്പര്‍ക്ക പട്ടികയില്‍ 257 പേരാണുള്ളത്. അതില്‍ 141 ആരോഗ്യ പ്രവര്‍ത്തകരാണ്. 51 പേര്‍ ആശുപത്രിയിലുണ്ട്. ഗുരുതരമായ രോഗലക്ഷണം ആര്‍ക്കുമില്ല. പൂനെയില്‍ നിന്ന് ലഭിച്ച എട്ടു ഫലങ്ങളും നെഗറ്റീവ് ആണ് എന്നത് ആശ്വാസകരമാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനു പുറമേ മറ്റ് മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

sameeksha-malabarinews

ഒറ്റ രാത്രി കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ചികിത്സയ്ക്കുള്ള സജ്ജീകരണമൊരുക്കി. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. ഐസിയു കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കി. അധികമായി ജീവനക്കാരെ നിയമിക്കാനും പരിശീലനം സിദ്ധിച്ചവരെ നിപ ചികിത്സയ്ക്കായി നിയോഗിക്കാനും നടപടികള്‍ സ്വീകരിച്ചു.

എന്‍ക്വയറി കൗണ്ടര്‍, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടര്‍, മെഡിക്കല്‍ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം എന്നിങ്ങനെ മൂന്ന് കൗണ്ടറുകളുള്‍പ്പെടെയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധം ഏകോപിപ്പിക്കുന്നതിനായി നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കി. സര്‍ക്കാര്‍, സ്വകാര്യം ഉള്‍പ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് അതി വേഗം കോഴിക്കോട്ട് നിപ പരിശോധനയ്ക്കുള്ള ലാബ് സജ്ജമാക്കിയത്.

സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്. നിപയുടെ ഉറവിടം കണ്ടെത്താനും വലിയ ശ്രമം നടക്കുന്നു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്‍ട്രോള്‍ റൂമില്‍നിന്നും വിളിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിക്കുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്യുന്നുണ്ട്. വയനാട് ജില്ലയിലെ നാലും മലപ്പുറത്തെ എട്ടും കണ്ണൂരിലെ മൂന്നും എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ വീതവും നിപ സമ്പര്‍ക്ക പട്ടികയില്‍ വന്നിട്ടുണ്ട്. കണ്ണൂരില്‍ നിന്നും മലപ്പുറത്തുനിന്നും ഉള്ളവരെ കോഴിക്കോട്ടെത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്. ആര്‍ക്കും ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല. നിപ സ്ഥിരീകരിച്ച പ്രദേശത്ത് പരിശീലനം സിദ്ധിച്ച ടീമുകള്‍ ഗൃഹസന്ദര്‍ശനം നടത്തി ലക്ഷണങ്ങളടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. 25 വീടുകള്‍ക്ക് ഒരു ടീം എന്ന രീതിയിലാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.

കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കി. ആശുപത്രിയില്‍ ഒരു രോഗി എത്തുമ്പോള്‍ മുതലുള്ള ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കി.
നിപയുടെ കാര്യത്തില്‍ പലതരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് കണ്ടെത്തി തടയും. അത്തരം പ്രചാരണങ്ങളില്‍ ആരും പെട്ടുപോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!