
തിരുവനന്തപുരം: ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നിയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്.
സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ, ആംബുലൻസുകൾ എന്നിവ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത. കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉയർത്തിയിട്ടുണ്ട്. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്‌ഡിഐ, ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണം എന്നീ വിഷയങ്ങളും തൊഴിലാളികൾ ഉയർത്തിയിട്ടുണ്ട്. ജനദ്രോഹ കേന്ദ്രബജറ്റിനും ഇന്ത്യ – യുഎസ് വ്യാപാര കരാറിനും എതിരെ പണിമുടക്കിൽ ജനവികാരമുയരുമെന്ന് തൊഴിലാളി സംഘടനകൾ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





