Section

malabari-logo-mobile

2022 ലോകകപ്പ് വേദി മറ്റൊരു രാജ്യത്തേക്ക് മാറ്റാനുള്ള നിര്‍ദേശം ഖത്തര്‍ തള്ളിക്കളഞ്ഞു

HIGHLIGHTS : ദോഹ: 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ വേദി

ദോഹ:  2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ വേദി ടൂര്‍ണ്ണമെന്റിന് നിശ്ചയിച്ച സമയം കടുത്ത വേനല്‍ക്കാലമായതിനാല്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമെന്ന് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ആവശ്യം ഖത്തര്‍ 2022 സുപ്രീം ഓര്‍ഗനൈസിംഗ് സമിതി സെക്രട്ടറി ജനറല്‍ ഹസന്‍ ആല്‍തവാദി തള്ളിക്കളഞ്ഞു. ഇത്തരം ഒരു നിര്‍ദേശം പരിഗണിക്കുന്നതിനു പോലും യാതൊരു കാരണവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ബി ബി സി സ്‌പോര്‍ട്‌സിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ബിഡ് സംബന്ധിച്ചും മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതു സംബന്ധിച്ചുമുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും പരിപൂര്‍ണ്ണമായി പാലിക്കാന്‍ ഞങ്ങള്‍ വളരെ കടുത്ത പരിശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത്. അതേ സമയം ഞങ്ങള്‍ ലോകത്തിനു നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുക തന്നെ ചെയ്യും. ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് യാതൊരു മാറ്റവുമില്ല. അത് പൂര്‍ണ്ണമായി പാലിക്കാന്‍ ഞങ്ങള്‍ കഠിനാധ്വാനം നടത്തുകയാണ്” അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി.
”മധ്യപൗരസ്ത്യ മേഖലയില്‍ ഖത്തര്‍ തന്നെയാണ് ശരിയായ സ്ഥലം. ഞങ്ങള്‍ മധ്യപൗരസ്ത്യ മേഖലയേയയാണ് പ്രതിനിധീകരിക്കുന്നത്. അത് ഒരു മധ്യ പൗരസ്ത്യ ലോകകപ്പാണ്. ഇത്തരം ഒരു സുപ്രധാനമായ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാനുള്ള എല്ലാ അവകാശങ്ങളും മധ്യപൗരസ്ത്യ മേഖലയ്ക്കുണ്ട്. വേനല്‍ക്കാലത്ത് ലോകകപ്പ് നടത്താനാണ് ഞങ്ങള്‍ ബിഡ് നടത്തിയത്. അതാണ് അതിന്റെ യഥാര്‍ഥമായ പ്ലാന്‍. ഞങ്ങള്‍ അതിനു വേണ്ടിയാണ് മുന്നോട്ടു പോകുന്നത്. ഞങ്ങള്‍ ആ പ്ലാന്‍ മുന്‍ നിറുത്തി തന്നെയാണ് മുന്നോട്ടു പോകുന്നത്. ഒരു കാര്യം എല്ലാവര്‍ക്കും ഞങ്ങള്‍ ഉറപ്പു തരുന്നു. വേനല്‍ക്കാലത്ത് ഖത്തറില്‍ ലോകകപ്പ് നടത്തുകയെന്നത് അസാധ്യമായ കാര്യമേയല്ല”.
”ഏതു സാഹചര്യത്തിലും ഖത്തര്‍ 2022 ലോകം വിസ്മയിക്കുന്ന ലോകകപ്പായിരിക്കും. അത് ജൂണ്‍ ജൂലൈയില്‍ നടന്നാലും നവംബര്‍ ഡിസംബറില്‍ നടന്നാലും അതല്ല മറ്റേതെങ്കിലും മാസത്തില്‍ നടന്നാലും. ഞങ്ങള്‍ തയ്യാറാണ്. വര്‍ഷത്തില്‍ ഏതു സമയം ലോകകപ്പ് നടത്താനും ഖത്തര്‍ പൂര്‍ണ്ണമായും സുസജ്ജമാണ്”അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഖത്തറിലെ ലോകപ്പ് ഫൈനല്‍ വേനല്‍ക്കാലമായ ജൂണ്‍ ജൂലൈ മാസങ്ങളില്‍ നിന്ന് ശൈത്യകാലത്തേക്ക് മാറ്റണമെന്ന നിര്‍ദേശത്തിന് കൂടുതല്‍ പിന്തുണ ലഭിച്ചു വരികയാണ്. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗിന് തടസ്സമാകും എന്ന വാദമുയര്‍ത്തിയാണ് ശൈത്യകാല ലോകകപ്പ് എന്ന നിര്‍ദേശത്തെ അവര്‍ എതിര്‍ത്തിരുന്നത്. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതെന്ന് യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ സംഘടനയായ യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ ചെയര്‍മാന്‍ കാള്‍ഹെനിസ് റുമെനിഗ്ഗെ പറഞ്ഞു. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് സി ഇ ഒ റിച്ചാര്‍ഡ് സ്‌കഡ്‌മോര്‍ ഖത്തര്‍ 2022 മുന്‍ നിശ്ചയപ്രകാരം വേനല്‍ക്കാലത്തു തന്നെ നടത്തണമെന്ന അഭിപ്രായക്കാരനാണ്.
ലോകകപ്പ് ഖത്തറില്‍ തന്നെ ശൈത്യകാലത്ത് നടത്തണമെന്ന അഭിപ്രായക്കാരനാണ് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!